സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തനങ്ങളുമായി ബന്ധപ്പെട്ട് പേഴ്സണല്‍ പ്രൊട്ടക്ഷന്‍ കിറ്റ്, എന്‍ 95 മാസ്ക്, ട്രിപ്പിള്‍ ലെയര്‍ മാസ്ക്, ഡബിള്‍ ലെയര്‍ മാസ്ക്, ഹാന്റ് റബ്ബ് സൊല്യൂഷന്, ഇന്‍ഫ്രാറെഡ് തെര്‍മ്മോമീറ്റര്‍ തുടങ്ങി അടിയന്തര ചികിത്സ സാമഗ്രികള്‍ ലഭ്യമാക്കുന്നതിന് ബഹുമാനപെട്ട ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറിന്റെയും വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്റെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കെ.എം.എസ്.സി.എല്‍. എം.ഡി. ഡോ. നവജ്യോത് ഖോസ, വ്യവസായ വകുപ്പ് ഡയറക്ടര്‍ പ്രേംകുമാര്‍, ടെക്സ്റൈല്‍സ് കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ജയരാജന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മറ്റു രാജ്യങ്ങളില്‍ കോവിഡ് 19 വരുത്തിയിരിക്കുന്ന വ്യാവസായിക സ്തംഭനത്തിന്റെ വെളിച്ചത്തില്‍ അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം വ്യാപകമായി നേരിടുന്നതിനാല്‍ ഇത്തരം ചികിത്സാ സാമഗ്രികള്‍ക്ക് ഉണ്ടായിരിക്കുന്ന ക്ഷാമം പരികരിക്കുന്നതിന് തദ്ദേശിയമായ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനായിരുന്നു യോഗം.
സംസ്ഥാനത്തിനാവശ്യമായ മുഴുവന്‍ ഹാന്റ് റബ്ബ് സൊലൂഷനും കെ.എസ്.ഡി.പി.എല്‍ വഴി ലഭ്യമാക്കും. നിലവിലുള്ള സാഹചര്യത്തില്‍ ഗ്ലൗസ് വ്യാവസായിക വകുപ്പുമായി ബന്ധപ്പെട്ട് ലഭ്യമാക്കുന്നതിനും ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കാവശ്യമായ ബെഡ് ഷീറ്റ്, പില്ലോ കവര്‍, ടവല്‍ എന്നിവ കൈത്തറി സഹകരണ സംഘം മുഖേന ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. മാസ്കുകളും പേഴ്സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകളും നിര്‍മ്മിക്കുന്നത് പ്രത്യേകതരത്തിലുള്ള അസംസ്കൃത വസ്തുക്കള്‍ ആവശ്യമാണ്. അതിനാല്‍ എത്രയും വേഗം അത് പ്രാദേശികമായി ലഭ്യമാക്കി തദ്ദേശിയമായി അവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ വ്യവസായ വകുപ്പ് ഡയറക്ടറേയും ടെക്സ്റൈല്‍സ് കോര്പറേഷന് മാനേജിംഗ് ഡയറക്ടറേയും ചുമതലപ്പെടുത്തി. അടിയന്തര ചികിത്സയ്ക്ക് ആവശ്യമായ ഓക്സിജന്‍ വിതരണം മുടങ്ങാതിരിക്കാന്‍ വേണ്ട നടപടി സർക്കാർ സ്വീകരിക്കും.