Site icon Ente Koratty

കാസർ​കോട് അതീവ ജാഗ്രതയിൽ; 11 കടയുടമകൾക്കെതിരെ കേസ്​

കാസർകോട്​: കാസര്‍കോട് ജില്ലയിൽ ആറ് പേര്‍ക്ക് കൂടി കോവി‍ഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയിൽ അതീവ ജാഗ്രത. രണ്ട് വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ എട്ട് പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. വിദേശത്തുനിന്നും നാട്ടിലെത്തിയിട്ടും നിർദേശങ്ങൾ പാലിക്കാതെ കറങ്ങിനടന്നയാൾക്കെതിരെ പൊലീസ്​ കേസെടുത്തു. 

കാസർകോട്​ രാവിലെ തുറന്ന കടകൾ നിർബന്ധപൂർവം അടപ്പിച്ചു. 11 കട ഉടമകൾക്കെതിരെ കേസെടുത്തു. കലക്​ടർ നേരി​ട്ടെത്തിയാണ്​ പരിശോധനകൾ കർശനമാക്കിയത്​. ഇനി നിർദേശമില്ലെന്നും കർശന നടപടിയായിരിക്കും സ്വീകരിക്കുകയെന്നും കലക്​ടർ അറിയിച്ചു. രാവിലെ 11 മുതൽ വൈകിട്ട് അഞ്ചുവരെ മാത്രമായി കടകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയിരുന്നു.  

ജില്ലയില്‍ ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും ജില്ലയിലെ മുഴുവന്‍ ക്ലബുകളും അടക്കും. കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ച 47കാരനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധന ഫലം ലഭിക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് വൈറസ്​ ബാധ സ്ഥിരീകരിക്കുമോ എന്ന ആശങ്കയിലാണ് ജില്ല.

കോവിഡ് 19 സ്ഥിരീകരിച്ചതില്‍ മൂന്ന് പേര്‍, മാർച്ച്​ 17ന്​ കോവിഡ് പോസിറ്റീവായ കളനാട് സ്വദേശിയുടെ അടുത്ത ബന്ധുക്കളാണ്. രണ്ട് സ്ത്രീകള്‍ക്കും രണ്ട് വയസ്സുള്ള കുട്ടിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

കളനാട് സ്വദേശിയോടൊപ്പം കാറില്‍ സഞ്ചരിച്ച വ്യക്തിയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം 17ന് ഷാര്‍ജയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ 52കാരനും 17ന് ദുബൈയില്‍ നിന്നും മംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ 27കാരനുമാണ്​ കോവിഡ് 19 സ്ഥിരീകരിച്ചത്​. ഇവര്‍ രണ്ട് പേരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്​.

Exit mobile version