Site icon Ente Koratty

കോവിഡ്-19 തടയുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കും

കോവിഡ്-19 വ്യാപനം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനും ഉപദേശം നല്‍കുന്നതിനും വിദഗ്ധ സമിതി രൂപീകരിക്കും. ഇത് സംബന്ധിച്ച് ഡോക്ടര്‍മാരുമായും ശാസ്ത്രജ്ഞന്‍മാരുമായും ആശയവിനിയമം നടത്തി.

പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനും അവരെ ബോധവല്‍ക്കരിക്കുന്നതിനും ഇന്‍ററാക്ടീവ് വെബ് പോര്‍ട്ടല്‍ തുടങ്ങും.

രോഗപ്രതിരോധ സന്ദേശം വീടുകളില്‍ എത്തിക്കുന്നതിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സേവനം പ്രയോജനപ്പെടുത്തും. ആരോഗ്യ സര്‍വ്വകലാശാല ഇതിന് നേതൃത്വം നല്‍കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ സഹകരണവും ഇക്കാര്യത്തില്‍ ഉറപ്പാക്കും.

പാരാമെഡിക്കല്‍ സ്റ്റാഫിന്‍റെ സേവനവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.

പൊതുജനങ്ങള്‍ക്ക് രോഗപ്രതിരോധം, ചികിത്സ എന്നിവ സംബന്ധിച്ച് ഡോക്ടര്‍മാരില്‍ നിന്ന് ഉപദേശം ലഭിക്കുന്നതിന് ഡിജിറ്റല്‍ കണ്‍സള്‍ട്ടേഷന്‍ ആരംഭിക്കാവുന്നതാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇതിന് മുന്‍കൈ എടുക്കണം.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം സമൂഹത്തിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള ഇടപെടലുകളും ആവശ്യമാണ്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ പിന്തുണയുണ്ടാകണം.

കോവിഡ്-19 സംബന്ധിച്ച് ധാരാളം പഠനങ്ങളും ഗവേഷണങ്ങളും ലോകത്തിന്‍റെ പല ഭാഗങ്ങളിലും നടക്കുകയാണ്. ഇത് സംബന്ധിച്ച വിവരങ്ങളും നിഗമനങ്ങളും നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും സംവിധാനമുണ്ടാക്കും.

അറുപതിനു മുകളില്‍ പ്രായമുളളവരിലും ശ്വാസകോശ, ഹൃദയ രോഗങ്ങള്‍ ഉള്ളവരിലും രോഗബാധ മാരകമായിരിക്കും എന്നതാണ് പൊതുവെ അനുഭവം. അതുകൊണ്ട് പ്രായമേറിയവരെയും മറ്റ് രോഗങ്ങള്‍ ബാധിച്ചവരെയും പ്രത്യേകം സംരക്ഷിക്കുന്നതിന് ശ്രദ്ധ ചെലുത്തും. സംസ്ഥാനത്തെ പാലിയേറ്റിവ് സെന്‍ററുകളുടെയും പാലിയേറ്റിവ് വളണ്ടിയര്‍മാരുടെയും സേവനം ഇതിന് വേണ്ടി ഉപയോഗപ്പെടുത്തും.

ഡോക്ടര്‍മാരും ആശുപത്രികളില്‍ അവരെ സഹായിക്കുന്ന ജീവനക്കാരും കൂടുതല്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ നല്‍കും.

സര്‍ക്കാരിനെ സംബന്ധിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനം. അതിനുവേണ്ടി സര്‍ക്കാരിന്‍റെ എല്ലാ വകുപ്പുകളും ഒത്തൊരുമിച്ചു നീങ്ങുകയാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ഒരു സാഹചര്യവുമില്ല. രോഗബാധ സംശയിക്കുന്നവരെ കൃത്യമായി നിരീക്ഷിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും. നിരീക്ഷണത്തിലുള്ളവര്‍ സര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

Exit mobile version