Site icon Ente Koratty

സംസ്ഥാനത്ത് 12 പേര്‍ക്ക് കൊറോണ,​ സര്‍ക്കാര്‍ പൊതുപരിപാടികള്‍ മുഴുവന്‍ മാറ്റിവയ്‌ക്കുമെന്ന് മുഖ്യമന്ത്രി: സംസ്ഥാനം അതീവ ജാഗ്രതയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വെെറസ് ബാധിച്ചവരുടെ എണ്ണം 12 ആയി. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം പൊതുജന ആരോഗ്യ അടിയന്താരാവസ്ഥയില്‍ പെട്ടിരിക്കുകയാണെന്നും ഏറ്റവും ഒടുവില്‍ ആറ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു. കൊറോണ സ്ഥിരീകരിച്ചിരുന്ന മൂന്ന് പേര്‍ക്ക് രോഗം പൂര്‍ണമായി മാറി. ചികിത്സയിലുള്ളവരില്‍ 12പേര്‍ ഇറ്റലിയില്‍ നിന്നും വന്നവരാണ്. എട്ടു പേര്‍ അവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരാണ്. 1116 പേരാണ് നിരീക്ഷണത്തിലുള്ളത്. 967 പേര്‍ വീടുകളിലാണ്.149 പേര്‍ ആശുപത്രികളിലാണ്.-മുഖ്യമന്ത്രി പറ‌ഞ്ഞു.

സാധാരണ രീതിയിലുള്ള ഇടപെടലും ജാഗ്രതയും പോര കോവിഡ് 19 നിയന്ത്രിക്കാനെന്നും അദ്ദേഹം പറ‌ഞ്ഞു. സിനിമാ തിയേറ്ററുകള്‍ അടച്ചിടാനും പി.എസ്.സി പരീക്ഷകള്‍ മാറ്റിവയ്ക്കാനും നിര്‍ദേശം നല്‍കി. ഇറ്റലി, ഇറാന്‍, സിങ്കപ്പൂര്‍ തുടങ്ങിയ രോഗബാധിത രാജ്യങ്ങളില്‍നിന്ന്​ വരുന്നവര്‍ സ്വമേധയാ നിരീക്ഷണത്തിന് വിധേയമാകണം. സര്‍ക്കാര്‍ സംവിധാനങ്ങളെ ബന്ധപ്പെടണം. മറ്റുള്ളവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെടരുത്​. നിരീക്ഷണത്തിലുള്ള കുടുംബങ്ങള്‍ക്ക്​ ഭക്ഷ്യവസ്​തുക്കള്‍ എത്തിക്കാന്‍ കളക്​ടര്‍മാര്‍ക്ക്​ നിര്‍ദേശം നല്‍കി. യാത്ര മുടങ്ങുന്നത്​ മൂലം വിദേശത്ത്​ ജോലി ചെയ്യുന്നവര്‍ നേരിടുന്ന പ്രയാസം പരിഹരിക്കും. ഇതുസംബന്ധിച്ച്‌​ കേന്ദ്രസര്‍ക്കാറുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ എല്ലാ സ്കൂളുകളും അടച്ചിടും. സി.ബി.എസ്.ഇ ഐ.സി.എസ്.ഇ സിലബസുകള്‍ക്കും ഇത് ബാധകമായിരിക്കും. സ്പെഷ്യല്‍ ക്ലാസുകളും അവധിക്കാല ക്ലാസുകളും എല്ലാം ഒഴിവാക്കണം. മദ്രസകളും അങ്കണവാടികളും എല്ലാം അടച്ചിടണം. കോളേജുകളും ഈ മാസം മുഴുവന്‍ അടച്ചിടും. സര്‍ക്കാര്‍ പൊതുപരിപാടികള്‍ മുഴുവന്‍ മാറ്റിവക്കും. രോഗവിവരങ്ങളോ യാത്രാ വിവരങ്ങളോ മറച്ചു വക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

അതേസമയം, എട്ട്, ഒമ്ബത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകും എന്നാല്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. ഇതിനൊപ്പം കോളേജുകളിലും റെഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ സര്‍വകലാശാല പരീക്ഷകള്‍മാറ്റമില്ലാതെ നടക്കും. കോറോണയുടെ പശ്ചാത്തലത്തില്‍ ക്വാറന്റൈന്‍ ചെയ്തിട്ടുള്ളതോ നിരീക്ഷണത്തില്‍ ഉള്ളതോ ആയ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി നല്‍കും. ഉത്സവങ്ങള്‍, കൂട്ട പ്രാര്‍ഥനകള്‍, മറ്റ് മതപരമായ ചടങ്ങുകള്‍, ജനങ്ങള്‍ കൂട്ടം ചേരുന്ന പരിപാടികള്‍ എന്നിവ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിക്കും. ശബരിമല തീര്‍ത്ഥാടനത്തിനും നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടും.

പത്തനംതിട്ട ജില്ലയിലാണ് രണ്ട് പേര്‍ക്കുകൂടി കൊറോണ വെെറസ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ഏഴായി. നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കാണ് ഇപ്പോള്‍ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം രോഗബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നും വന്ന റാന്നി സ്വദേശികളുമായി അടുത്ത് ഇടപഴകിയവര്‍ക്കാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചത്.

ഇറ്റലിയില്‍ നിന്നും വന്ന ദമ്ബതികള്‍, ഇവരുടെ മകന്‍, അയല്‍വാസികളും ബന്ധുക്കളുമായി ഒരു സ്ത്രീയും പുരുഷനും എന്നീ അഞ്ച് പേര്‍ക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവരുമായി അടുത്ത് ഇടപഴകിയവരില്‍ നിന്നും രോഗലക്ഷങ്ങള്‍ കണ്ടെത്തിയ 21 പേരെ കോഴഞ്ചേരി ആശുപത്രിയിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നു ഇവരില്‍പ്പെട്ട രണ്ട് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

അതേസമയം,​ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയകളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് വ്യക്തമാക്കി. ആരോഗ്യമന്ത്രിയുടെ പേരിലടക്കം കോവിഡ് 19 വൈറസിനെ സംബന്ധിച്ച്‌ വ്യാജസന്ദേശങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും ഇതിനെതിരെ നാല് പരാതികള്‍ താന്‍ പൊലീസിന് നല്‍കിയിട്ടുണ്ടെന്നും പത്തനംതിട്ട കളക്ടര്‍ അറിയിച്ചു.

Exit mobile version