Site icon Ente Koratty

കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ മന്ത്രി കെ.കെ. ശൈലജ നിര്‍ദേശം നല്‍കി

രണ്ടാംഘട്ട കോവിഡ്-19 വാക്‌സിനേഷന്‍ തുടങ്ങേണ്ട സമയം അടുത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി.

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വാക്‌സിനെടുക്കുന്നതിനുള്ള തീയതി, സ്ഥലം എന്നിവയടങ്ങുന്ന മൊബൈല്‍ സന്ദേശത്തിനനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിച്ചേരണം. ചിലര്‍ അന്നേദിവസം എത്താത്തതു കാരണം മറ്റുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ അവസരം കൂടി നഷ്ടമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അന്നേ ദിവസം കുത്തിവയ്പ്പ് എടുക്കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള അസൗകര്യമുണ്ടെങ്കില്‍ ആ വിവരം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ മുന്‍കൂട്ടി അറിയിക്കണം.

ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവരടക്കം മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്. രണ്ടാംഘട്ട വാക്‌സിനേഷന്‍ ആരംഭിക്കുന്നതിന് മുമ്പായി ആരോഗ്യ പ്രവര്‍ ത്തകര്‍ എല്ലാവരും വാക്‌സിന്‍ എടുക്കണം. വാക്‌സിന്‍ ലഭിക്കുവാനുള്ള അവസരം വൈകുന്നതിനുള്ള സാധ്യത ഒഴിവാക്കുവാനായി മൊബൈലില്‍ സന്ദേശം ലഭിച്ച ദിവസം തന്നെ വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Exit mobile version