2030 ഓടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് സി നിവാരണത്തിനും വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുളള മരണനിരക്കും കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (27ന്) ഉച്ചയ്ക്ക് 2.30ന് ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. 14 ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ, ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെ 25 ആശുപത്രികളിലും പ്രാദേശിക ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കും.
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി ആരംഭിച്ച സംയോജിത പദ്ധതിയാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി. കോവിഡ്-19 സാഹചര്യങ്ങള്‍ക്കിടയിലും സംസ്ഥാനത്തെ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ പരിപാടിയിലൂടെ ശ്രമിക്കുന്നത്. ദേശീയ ആരോഗ്യ മിഷന്റെ സഹകരണത്തോടെ ദേശിയ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ (NVHCP) ഭാഗമായാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി നടപ്പിലാക്കുന്നത്.
സംസ്ഥാനത്ത് 25 ആശുപത്രികളില്‍ ഹെപ്പറ്റൈറ്റിസ് ബി, സി ചികിത്സ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാതൃകാ ചികിത്സാ കേന്ദ്രമാണ്. ഗര്‍ഭിണികളില്‍ ഹെപ്പറ്റൈറ്റിസ് ബി, സി പരിശോധന സൗജന്യമായി നടത്തുവാന്‍ എല്ലാ സി.എച്ച്.സികളിലും പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് വൈറല്‍ ലോഡ് ടെസ്റ്റ് തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ സൗജന്യമായി ചെയ്യുന്നുണ്ട്. ജില്ലകളില്‍ നിന്നും സാമ്പിളുകള്‍ പരിശോധനയ്ക്കായി തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് അയയ്ക്കാം.
ഹെപ്പറ്റൈറ്റിസ് ബി, സി ചികിത്സാ കേന്ദ്രങ്ങള്‍:
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കൊല്ലം മെഡിക്കല്‍ കോളേജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, അടൂര്‍, ആലപ്പുഴ ജനറല്‍ ആശുപത്രി,ആലപ്പുഴ മെഡിക്കല്‍ കോളേജ്, കോട്ടയം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ്, ഇടുക്കി ജില്ലാ ആശുപത്രി, തൊടുപുഴ, ഇടുക്കി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ, എറണാകുളം മെഡിക്കല്‍ കോളേജ്, തൃശൂര്‍ ജനറല്‍ ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് ജില്ലാ ആശുപത്രി, പാലക്കാട് മെഡിക്കല്‍ കോളേജ്, മലപ്പുറം ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ, മലപ്പുറം മെഡിക്കല്‍ കോളേജ്, വയനാട് ജനറല്‍ ആശുപത്രി, കല്പറ്റ, കോഴിക്കോട് ജനറല്‍ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കാസര്‍ഗോഡ് ജനറല്‍ ആശുപത്രി.