Site icon Ente Koratty

കോവിഡ് വാക്സിനേഷൻ: തൃശ്ശൂര്‍ ജില്ലയിൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

തൃശ്ശൂര്‍:  കോവിഡ് വാക്സിനേഷനു മുന്നോടിയായി വിവിധ വകുപ്പുകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ ടാസ്‌ക് ഫോഴ്‌സ് രൂപികരിച്ചു. നടപടികള്‍ ഏകോപിക്കുന്നതിനും വാക്‌സിന്‍ സംഭരിക്കല്‍, സൂക്ഷിക്കല്‍, വിതരണം എന്നിവയെക്കുറിച്ച് പൊതുധാരണയുണ്ടാക്കുന്നതുമാണ് ടാസ്‌ക് ഫോഴ്സിന്റെ ദൗത്യം. ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ അധ്യക്ഷതയില്‍ ടാസ്ക് ഫോഴ്‌സിന്റെ ആദ്യ യോഗം ചേര്‍ന്നു.

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് തെറ്റിധരിപ്പിക്കപ്പെടുന്നതിനുള്ള സാഹചര്യങ്ങളുണ്ടെന്നും ഇത് ഒഴിവാക്കണമെന്നും അനാവശ്യ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.16 നാണ് ജില്ലയില്‍ വാക്‌സിന്‍ വിതരണം ആരംഭിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിനേഷന്‍ നടത്തുന്നത്. ജില്ലയില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ നിന്നായി 9 സെന്ററുകള്‍ വാകിസിന്‍ വിതരണത്തിനായി ക്രമീകരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഗവ.മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി തൃശൂര്‍, ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുട, താലൂക്ക് ആശുപത്രി കൊടുങ്ങല്ലൂര്‍, താലൂക്ക് ആശുപത്രി ചാലക്കുടി, സി.എച്ച്.സി പെരിഞ്ഞനം, എഫ് എച്ച് സി വേലൂര്‍ എന്നിവിടങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളായ അമല മെഡിക്കല്‍ കോളേജ്, തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ആയുര്‍വേദ കോളേജ് എന്നിവിടങ്ങളിലുമാണ് ആദ്യഘട്ടം വാക്‌സിന്‍ വിതരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ഓരോ സെന്ററുകളിലും 100 പേര്‍ക്ക് വീതം വാക്‌സിന്‍ നല്‍കും.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് രണ്ടാം ഘട്ടത്തിലും വാക്‌സിന്‍ വിതരണം ചെയ്യും.യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന, സർവ്വൈലൻസ് മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ് രാജഗോപാൽ, ജില്ലാ ആർസിഎച്ച് ഓഫീസർ കെ ഉണ്ണികൃഷ്ണൻ, തൃശൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ആൻഡ്രൂസ്,ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ സ്ഥാപങ്ങളുടെ മേധാവികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version