കേള്‍വിപരമായ പ്രശ്നങ്ങള്‍ നേരിടുന്ന കുരുന്നുകളെ ശബ്ദ ലോകത്തിന്റെ മധുരിമയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ശ്രുതി തരംഗം പദ്ധതി സാധാരണക്കാരായ നിരവധി കുരുന്നുകള്‍ക്കും രക്ഷിതാക്കള്‍ക്കും കൈത്താങ്ങാകുന്നു. കോക്ലിയാര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയയിലൂടെ കേള്‍വി ശക്തി ലഭിക്കുമെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്ന ശ്രവണ വൈകല്യമുള്ള അഞ്ച് വയസുവരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷന് സര്‍ജറിയിലൂടെ കേള്‍വി ശക്തിയും തുടര്‍ച്ചയായ ഓഡിയോ വെര്‍ബല്‍ ഹാബിലിറ്റേഷനിലൂടെ സംസാര ശേഷിയും ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയാണ് ശ്രുതി തരംഗം.
സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ശ്രുതി തരംഗം പദ്ധതിയില്‍ ഉള്‍പ്പെടുന്നതോടെ 5.5 ലക്ഷം രൂപ വരെ ചെലവുവരുന്ന ചികിത്സ തികച്ചും സൗജന്യമായി ലഭിക്കും. പ്രതിവര്‍ഷ വരുമാനം രണ്ട് ലക്ഷം രൂപ വരെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പദ്ധതി ആനുകൂല്യങ്ങള്‍ ലഭിക്കും. പദ്ധതി നടപ്പാക്കുന്നതിന് എംപാനല്‍ ചെയ്തിട്ടുള്ള 11 ആശുപത്രികളില്‍ സൗകര്യപ്രദമായ ആശുപത്രി ഗുണഭോക്താവിന് തെരഞ്ഞെടുക്കാം. അംഗീകൃത ആശുപത്രികളിലെ ഡോക്ടര്‍മാരും സാങ്കേതിക വിദഗ്ധരും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളാണ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടത്. അപേക്ഷാ ഫോം സാമൂഹിക സുരക്ഷാ മിഷന്റെയും ശ്രുതി തരംഗം പദ്ധതിയുടെയും വെബ് സൈറ്റിലും സാമൂഹ്യ സുരക്ഷാ മിഷന് ഓഫീസുകളിലും ലഭിക്കും. സ്വകാര്യ ആശുപത്രികള്‍ തെരഞ്ഞെടുക്കുന്നവര്‍ ശസ്ത്രക്രിയാ ചെലവ് വഹിക്കണം.
ശ്രുതി തരംഗം പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികള്‍
ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി, തിരുവനന്തപുരം
സാന്ത്വനം ആശുപത്രി, തിരുവനന്തപുരം
കിംസ് ആശുപത്രി, തിരുവനന്തപുരം
ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി, കോഴിക്കോട്
മിംസ് ആശുപത്രി, കോഴിക്കോട്
ഡോ. മനോജ് ഇ.എന്‍.ടി ആശുപത്രി കോഴിക്കോട്
ഡോ. നൗഷാദ് ഇ.എന്‍.ടി ആശുപത്രി, എറണാകുളം
മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, എറണാകുളം
വെസ്റ്റ് ഫോര്‍ട്ട് ആശുപത്രി, തൃശൂര്‍
എ.എസ്.സി ഇ.എന്‍.ടി ആശുപത്രി, പെരിന്തല്‍മണ്ണ
ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി കോട്ടയം.