Site icon Ente Koratty

കൊവിഡ് വാക്‌സിന് അനുമതി; നിര്‍ണായക യോഗം ഇന്ന്

കൊവിഡ് വാക്‌സിന് അനുമതി നല്‍കുന്ന കാര്യം തിരുമാനിക്കുന്ന സമിതിയുടെ നിര്‍ണായക യോഗം ഇന്ന് വീണ്ടും യോഗം ചേരും. രാജ്യത്തിനുള്ളില്‍ ലഭ്യമായ പരീക്ഷണ ഫലങ്ങളുടെ വിശദമായ അവലോകനമാണ് പ്രധാന അജണ്ട. കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് നാളെ നടക്കുന്ന ദേശീയ ഡ്രൈ റണ്ണിനായുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. വാക്സിന്‍ കുത്തിവയ്പ്പിനായി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പഴുതുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈറണ്‍.

കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന സമിതി വാക്‌സിന് അനുമതി നല്‍കുന്നതിന് മുന്നോടിയായി കുടുതല്‍ വിവരങ്ങള്‍ വിലയിരുത്താന്‍ തിരുമാനിക്കുകയായിരുന്നു. ഇതനുസരിച്ചുള്ള വിവരങ്ങള്‍ ഇന്ന് ആരോഗ്യമന്ത്രാലയവും സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ലഭ്യമാക്കിയിട്ടുണ്ടെന്നാണ് വിവരം. ഒരു പക്ഷേ ഇന്ന് തന്നെ വാക്‌സിന് അനുമതി നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നാളെ എല്ല സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി നടക്കുന്ന ഡ്രൈ റണ്ണുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തും.

കൊവിന്‍ ആപ്ലിക്കേഷനില്‍ സൗകര്യങ്ങള്‍ ഒരുക്കുക, വാക്‌സിന്‍ സ്വീകര്‍ത്താക്കളെ നിശ്ചയിക്കുക, സെഷന്‍ സൈറ്റ് സൃഷ്ടിക്കുക, സൈറ്റുകളുടെ മാപ്പിംഗ്, ജില്ലകളില്‍ വാക്സിന്‍ സ്വീകരിക്കുന്നതും വാസ്‌കിനേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണിന്റെ ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനമാണ് ദേശീയ ഡ്രൈ റണ്ണിന്റെ വേദി. ചില സംസ്ഥാനങ്ങളില്‍ അധികമായി എതാനും ജില്ലകളെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചാബ്, അസം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ കഴിഞ്ഞദിവസം വിജയകരമായി നടത്തിയിരുന്നു.

FacebookTwitterWhatsAppLinkedInShare
Exit mobile version