ലോക എയ്ഡ്സ് ദിനചാരണം ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ്, ടി ബി സെന്റര്‍, ഐ സി ടി സി, എ ആര് ടി സി എന്നിവയുടെ ആഭിമുഖ്യത്തില്‍ കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡിലും വിക്ടോറിയ ആശുപത്രി പരിസരത്തും പ്രതീകാത്മക ദീപങ്ങള്‍ തെളിയിക്കലും ഐക്യദാര്‍ഢ്യ പ്രതിജ്ജയും സംഘടിപ്പിച്ചു.
പ്രതിജ്ഞാവാചകം ചൊല്ലിയും എയ്ഡ്സ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ സൂചകമായ ചുവന്ന റിബണ്‍ കൈമാറിയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര് ശ്രീലത പരിപാടി ഉദ്ഘാടനം ചെയ്തു. എയ്ഡ്സിനെ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവഗാഹം വര്‍ധിപ്പിക്കുവാനും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുവാനും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്ന് ഡി എം ഒ പറഞ്ഞു.
ഉത്തരവാദിത്വം പങ്കുവയ്ക്കാം, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം എന്ന ഈ വര്‍ഷത്തെ എയ്ഡ്സ് ദിന സന്ദേശം പ്രതിജ്ഞയിലൂടെ കൈമാറി. എയ്ഡ്സുണ്ടാകാന് കാരണമായ എച്ച് ഐ വി വൈറസ് പകരനിടയാക്കുന്ന കാരണങ്ങളെയും ചികിത്സാ കേന്ദ്രങ്ങളുടെ വിവരങ്ങളെയും സംബന്ധിച്ച ലഘുലേഖ ചടങ്ങില്‍ വിതരണം ചെയ്തു.
കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ ആര് സന്ധ്യ, ഡെപ്യൂട്ടി ഡി എം ഒ ഡോ ജെ മണികണ്ഠന്, ആര്‍ദ്രം മിഷന് കണ്‍സള്‍ട്ടന്റ് ഡോ ടിമ്മി, മാസ് മീഡിയ ഓഫീസര്‍ ദിലീപ് ഖാന്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ ശ്രീകുമാര്‍, ജോണ്സണ് മാത്യു, ഐ സി ടി സി-എ ആര് ടി സി പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവരും വിക്ടോറിയ ആശുപത്രിയില്‍ സൂപ്രണ്ട് ഡോ വി കൃഷ്ണവേണി, ഡോക്ടര്‍മാരായ നിമിത ഹരിലാല്‍, സന്ദീപ് തുടങ്ങിയവരും പങ്കെടുത്തു.