Site icon Ente Koratty

ആത്മഹത്യകള്‍ ചെറുക്കാന്‍ കരുതലുമായി ‘ജീവരക്ഷ’

Shot of two people holding hands in comfort

കോവിഡ് കാലത്ത് മാനസികാരോഗ്യ സേവനം നല്‍കിയത് 36.46 ലക്ഷം പേര്‍ക്ക്

തിരുവനന്തപുരം: കോവിഡ്19 മഹാമാരിക്കെതിരെ ലോകം ഒന്നാകെ പോരാടുന്ന സമയത്താണ്  ലോക മാനസികാരോഗ്യ ദിനം (ഒക്ടോബര്‍ 10) ആചരിക്കുന്നത്. ‘എല്ലാവര്‍ക്കും മാനസികാരോഗ്യം, കൂടുതല്‍ നിക്ഷേപം, കൂടുതല്‍ പ്രാപ്യം ഏവര്‍ക്കും എവിടെയും’ എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനാചരണത്തിന്റെ വിഷയം.

കോവിഡ് മഹാമാരി എല്ലാ മേഖലകളിലും വെല്ലുവിളിയാകുമ്പോള്‍ മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യം നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ശാരീരിക ആരോഗ്യത്തെ പോലെ മാനസികാരോഗ്യ സേവനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാനും കഴിയണം.  എല്ലാവര്‍ക്കും പൂര്‍ണ മാനസികാരോഗ്യം ഉറപ്പുവരുത്താന്‍ കോവിഡിന്റെ ആരംഭം മുതല്‍ തന്നെ ആരോഗ്യ വകുപ്പ്  വലിയ പ്രാധാന്യമാണ് നല്‍കിയത്. മാനസികാരോഗ്യ പരിചരണത്തിനായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്‘ എന്ന പേരില്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ഫെബ്രുവരി ആദ്യവാരം മുതല്‍ തന്നെ നല്‍കി വരുന്നു. ക്വാറന്റൈനിലും ഐസൊലേഷനലും കഴിഞ്ഞ 14.9 ലക്ഷം പേര്‍ക്ക് ഉള്‍പ്പെടെ 36.46 ലക്ഷം കോളുകളാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

സൈക്യാട്രിസ്റ്റുകള്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട 1346 മാനസികാരോഗ്യ പ്രവര്‍ത്തകര്‍ ജില്ലാ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നു. മാനസിക സമ്മര്‍ദം, ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ്, എന്നിവയ്ക്ക് വിദഗ്ധ സേവനം ലഭ്യമാക്കുന്നു. സ്റ്റിഗ്മ, സാമൂഹിക ആവശ്യങ്ങള്‍ എന്നിവയ്ക്ക് അതാത് പഞ്ചായത്തുകള്‍ അല്ലെങ്കില്‍ ഐസിഡിഎസ് മുഖാന്തരം സഹായം നല്‍കുന്നു. കൂടാതെ ലോക്ക്ഡൗണ്‍ സമയത്ത് മാനസികാരോഗ്യ ചികിത്സയില്‍ ഇരിക്കുന്നവര്‍, ഭിന്നശേഷി കുട്ടികള്‍, അഥിതി തൊഴിലാളികള്‍, ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങള്‍ എന്നിങ്ങനെ 3,48,860 പേര്‍ക്ക് ഇത്തരത്തില്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് കോളുകള്‍ നല്‍കി. കോവിഡ് രോഗ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിനും ടെലി കൗണ്‍സിലിംഗ് നല്‍കുന്നു. ഇതുവരെ 60,515 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സേവനം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളുടെ മാനസിക സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുവാനും സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട്, കൗണ്‍സിലിംഗ് കോളുകള്‍ നല്‍കുന്നു. 3,55,884 കുട്ടികളെ വിളിക്കുകയും 35,523 കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തിട്ടുണ്ട്. എല്ലാ വിഭാഗത്തിനുമായി 36,46,315 സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട്, കൗണ്‍സിലിംഗ് സേവനങ്ങളാണ് സംസ്ഥാനമൊട്ടാകെ ഇതുവരെ നല്‍കിയത്.

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കി. 14 ജില്ലകളിലും മാനസികാരോഗ്യ പരിപാടി നടപ്പിലാക്കുകയും 272 മാനസികാരോഗ്യ ക്ലിനിക്കുകള്‍ സജ്ജമാക്കുകയും ചെയ്തു. സമ്പൂര്‍ണ മാനസികാരോഗ്യ പദ്ധതിയിന്‍ കീഴില്‍ ഇതുവരെ 24,964 പേരെ പുതുതായി കണ്ടെത്തി അവരുടെ തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ തന്നെ മാനസികാരോഗ്യ ചികിത്സ ലഭ്യമാക്കുന്നു. ആശ്വാസം വിഷാദരോഗ ക്ലിനിക്കുകള്‍ എന്നിവ സജ്ജമാക്കി. ഈ പദ്ധതിയ്ക്ക് കീഴില്‍ ഇതുവരെ 55,339 പേരെ സ്‌ക്രീന്‍ ചെയ്യുകയും 10,302 പേരെ വിഷാദ രോഗമുണ്ടെന്ന് കണ്ടെത്തി ചികിത്സ ആരംഭിക്കുകയും ചെയ്തു.

ആത്മഹത്യ നിരക്ക് കുറയ്ക്കുക എന്നത് ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ ആത്മഹത്യ പ്രതിരോധ കാമ്പയിന്‍ ‘ജീവരക്ഷ’ മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ ആരംഭിച്ചിട്ടുണ്ട്. വിഷമതകള്‍ അനുഭവിക്കുന്ന ജനങ്ങളുമായി ഇടപഴകാന്‍ സാധ്യതയുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ടീച്ചര്‍മാര്‍, പോലീസുകാര്‍, ജനപ്രതിനിധികള്‍, മതപുരോഹിതര്‍ എന്നിവര്‍ക്ക് ആത്മഹത്യയുടെ അപകട സൂചനകള്‍, മാനസിക പ്രഥമ ശുശ്രുഷ എന്നിവ ഉള്‍പ്പെടെയുള്ള ആത്മഹത്യ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുന്നു.

ആത്മഹത്യ പ്രവണത ഉള്ളവര്‍ക്കും ആത്മഹത്യ ശ്രമങ്ങള്‍ നടത്തുന്നവര്‍ക്കും മാനസിക പ്രഥമ ശുശ്രുഷയും, ആവശ്യമെങ്കില്‍ ചികിത്സയും ലഭ്യമാക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം. ജീവരക്ഷയുടെ ഭാഗമായി ആത്മഹത്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശ 1056 സജ്ജമാക്കിയിട്ടുണ്ട്.  മാനസിക വിഷമതകള്‍ ഉണ്ടെങ്കില്‍ ദിശ ടോള്‍ ഫ്രീ നമ്പറായ 1056 ലേക്ക് വിളിക്കുകയോ, ജില്ലയിലെ മാനസികാരോഗ്യ പരിപാടിയുമായി ബന്ധപ്പെടുകയോ ചെയ്യണം.

Exit mobile version