Site icon Ente Koratty

ആരോഗ്യപ്രവര്‍ത്തകരുടെ റിലേ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവർത്തകർ നടത്തിവന്ന സമരം പിൻവലിച്ചു. സസ്‌പെൻഷൻ നടപടികൾ ഉൾപ്പെടെ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുടെ ഉറപ്പിലാണ് സമരം പിൻവലിച്ചതെന്ന് ജോയിന്‍റ് കൗൺസിൽ അറിയിച്ചു. അതെസമയം കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഐ.എം.എ രംഗത്തെത്തി.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിലെ കോവിഡ് നോഡൽ ഓഫീസർ ഡോ.അരുണ രണ്ട് ഹെഡ് നഴ്സുമാർ എന്നിവർക്ക് എതിരെ എടുത്ത നടപടി പുനപരിശോധിക്കാമെന്ന് ആരോഗ്യ മന്ത്രി ജോയിന്‍റ് കൗൺസിൽ പ്രതിനിധികൾക്കൾക്ക് ഉറപ്പ് നൽകിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും ഇനിയുള്ള തുടർനടപടികൾ. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായതിനാൽ നടത്തിവന്ന എല്ലാ സമരങ്ങളും അവസാനിപ്പിക്കുന്നതായി ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സംഘടനകൾ വ്യക്തമാക്കി.

ഇതിനിടെയാണ് കേരളത്തിലെ ആരോഗ്യവകുപ്പ് പുഴുവരിച്ച് തുടങ്ങിയെന്നും രാഷ്ട്രീയ ലാഭങ്ങൾക്കാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്ന ആരോപണവുമായി ഐ.എം.എ രംഗത്തെത്തിയത്. അടിയന്തര ചികിത്സക്കുള്ള സൗകര്യങ്ങൾ കേരളത്തിലില്ലെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുന്നുവെന്നും ഐ.എം.എ കുറ്റപ്പെടുത്തി.

Exit mobile version