സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ പ്രളയവും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എലിപ്പനി പകരാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. അതിനാൽ നാം കരുതിയിരിക്കേണ്ടതാണ്. പൊതുജനങ്ങളും രക്ഷാ പ്രവര്ത്തനത്തിനിറങ്ങുന്നവരും ഒരു പോലെ ശ്രദ്ധിക്കേണ്ട സമയമാണ്. പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. ഏതു പനിയും എലിപ്പനി ആകാമെന്നതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല. ആരംഭത്തില്‍ തന്നെ എലിപ്പനിയാണെന്ന് കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ പ്രളയത്തിലും നിരവധി പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ ശക്തമായ ഡോക്സിസൈക്ലിന്‍ ക്യാമ്പയിനിലൂടെ രോഗ നിയന്ത്രണത്തിന് സാധിച്ചു. ഇത്തവണയും എലിപ്പനി ഭീഷണിയാകാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍കണ്ട് ആരോഗ്യ വകുപ്പ് ഡോക്സി ക്യാമ്പനുകള്‍ സംഘടിപ്പിച്ചു വരുന്നു. മലിന ജലത്തിലിറങ്ങുന്ന എല്ലാവരും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എലിപ്പനിക്കെതിരായ സൗജന്യ ചികിത്സ ലഭ്യമാണ്.
എന്താണ് എലിപ്പനി?
ലെപ്ടോസ്പൈറ ജനുസില്‍പ്പെട്ട ഒരിനം സ്പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി. ജീവികളുടെ മലമൂത്ര വിസര്‍ജ്യം ജലത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്.
രോഗവ്യാപനം
കെട്ടിനില്‍ക്കുന്ന മഴ വെള്ളത്തില്‍ ഇറങ്ങുന്നവര്‍ക്കും മറ്റ് മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കുമാണ് എലിപ്പനി ഉണ്ടാകുന്നതിന് സാധ്യതയേറെയുള്ളത്. രോഗവാഹകരായ എലി, പട്ടി, കന്നുകാലികള്‍, പന്നി എന്നിവയുടെ വിസര്‍ജ്യം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കലരുന്നു. ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നവരുടെ ശരീരത്തിലെ ശ്ലേഷ്മ സ്തരങ്ങളിലൂടെയും മുറിവിലൂടെയും എലിപ്പനിയുടെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാണ് എലിപ്പനിയുണ്ടാകുന്നത്.
രോഗ ലക്ഷണങ്ങള്‍
പനി, പേശി വേദന (കാല് വണ്ണയിലെ പേശികളില്‍) തലവേദന, നടുവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ശരിയായ ചികിത്സ നല്കുകയാണെങ്കില് പൂര്‍ണമായും ഭേദമാക്കാവുന്നതാണ്.
ആരംഭത്തില്‍ ചികിത്സ തേടാതിരുന്നാല്‍?
ആരംഭത്തില്‍ ചികിത്സ ലഭിക്കാത്ത അവസ്ഥയില്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവന് തന്നെ അപകടത്തിലാവുകയും ചെയ്യും. അതിനാല്‍ തന്നെ എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം.
പ്രധാന പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍
കെട്ടിനില്‍ക്കുന്ന മലിന ജലത്തിലും മീന്‍ പിടിക്കുന്നതായി പാടത്തും കുളത്തിലും പാറക്കെട്ടുകളിലുള്ള വെള്ളക്കെട്ടിലും ജലസംഭരണികളിലും ഇറങ്ങുന്നത് എലിപ്പനിക്ക് കാരണമാകാം. ഇത്തരത്തില്‍ സമ്പര്‍ക്കം ഉണ്ടായാല്‍ സോപ്പ് ഉപയോഗിച്ച് ശരീരം വൃത്തിയായി കഴുകുകയും ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ 100 മില്ലിഗ്രാമിന്റെ രണ്ട് ഗുളിക ആഴ്ചയില്‍ ഒരിക്കല്‍ വീതം കഴിക്കേണ്ടതുമാണ്. കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കമുള്ള കാലമത്രയും ഇത് തുടരേണ്ടതാണ്.
എലി മൂത്രം കലര്‍ന്ന് മലിനമായ ആഹാരം കഴിച്ചാലും എലിപ്പനി രോഗം ബാധിക്കാം. അതിനാല്‍ ആഹാരപദാര്‍ഥങ്ങള്‍ അടച്ചു സൂക്ഷിക്കുകയും തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുടിക്കാനുപയോഗിക്കുകയും വേണം.
മീന്‍ പിടിക്കുന്നതായി വെള്ളക്കെട്ടുകളില്‍ ഇറങ്ങരുത്
ഓടകളും കനാലുകളും വൃത്തിയാക്കുന്നവര്‍, പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണം.
ഒഴുക്കില്ലാതെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ, കൈകാലുകള്‍ കഴുകുകയോ അരുത്. വെള്ളത്തില്‍ ഇറങ്ങേണ്ട സാഹചര്യമുണ്ടായാല്‍ കട്ടിയുള്ള കൈയുറ, കാലുറ (ഗംബൂട്ട് ) എന്നിവ ധരിക്കേണ്ടതാണ്.
കെട്ടിക്കിടക്കുന്ന ജലവുമായി സമ്പര്‍ക്കത്തില്‍ വന്നതിനുശേഷം പനി, ശരീരവേദന, തലവേദന, കണ്ണിന് ചുവപ്പ്, മൂത്രത്തിന് മഞ്ഞനിറം, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തി എലിപ്പനിയ്ക്കെതിരെ ചികിത്സ ലഭ്യമാക്കേണ്ടതാണ്.