സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് ഇന്നലെ മരിച്ച ഷാഹിദ(57)യുടെ പരിശോധനാഫലം പോസിറ്റീവ് ആയി. അർബുദബാധിതയായി ചികിത്സയിലായിരുന്നു.
നേരത്തേ കൊവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകളാണ് ഷാഹിദ. ഇന്നലെ രാവിലെയാണ് ഷാഹിദ മരിച്ചത്. തുടർന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. റുഖിയാബിയുടെ വീട്ടിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇന്ന് റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ മരണമാണ് കോഴിക്കോട്ടേത്. മലപ്പുറം, കാസർഗോഡ്, തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ മരണം റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറം തിരൂരങ്ങാടിയിൽ 71കാരനായ അബ്ദുൽ ഖാദറാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ന്യൂമോണിയയും ശ്വാസതടസവും മൂലം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഈ മാസം 19നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കാസർഗോഡ് കുമ്പളയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ആരിക്കാടി സ്വദേശി അബ്ദുൽ റഹ്മാൻ (70) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
തൃശൂർ ഇരിങ്ങാലക്കുടയിലും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൊവിഡ് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് പള്ളൻ വീട്ടിൽ വർഗീസ് (72) ആണ് മരിച്ചത്. ഇദേഹത്തിന് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നതായി വിവരമുണ്ട്. റിട്ട. കെഎസ്ഇ ജീവനക്കാരനായിരുന്ന വർഗീസിനെ ജൂലൈ 18 നാണ് കൊവിഡ് ബാധിച്ച് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വർഗീസ് ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ഇരിങ്ങാലക്കുടയിൽ കൊറിയർ സ്ഥാപനം നടത്തി വരികയായിരുന്നു.
കോട്ടയത്ത് ആദ്യമായാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുങ്കം സ്വദേശി നടുമാലിൽ ഔസേഫ് ജോർജി(83)ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ മാത്രം സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. കാസർഗോഡ്, വയനാട്, പാലക്കാട് എന്നിവിടങ്ങളിലും എറണാകുളത്ത് രണ്ട് മരണവുമാണ് റിപ്പോർട്ട് ചെയ്തത്.