പത്തനംതിട്ടയില്‍ രോഗബാധിതനായ സിപിഐഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ റൂട്ട്മാപ്പ് പുറത്തുവിടാത്തതില്‍ പ്രതിഷേധവുമായി യുഡിഎഫ് രംഗത്ത്. ആരോഗ്യ വകുപ്പ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് നടപടി വൈകിപ്പിക്കുന്നതെന്ന് യുഡിഎഫ് ആരോപിച്ചു. രോഗിയുടെ ആരോഗ്യ നില തൃപ്തികരമല്ലാത്തതുകൊണ്ടാണ് സഞ്ചാരപഥം തയാറാക്കുന്നതില്‍ കാലതാമസം ഉണ്ടായിരിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
ഇക്കഴിഞ്ഞ എട്ടാം തിയതിയാണ് സിപിഐഎം ഏരിയാ കമ്മിറ്റി അംഗത്തിന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പ് പുറത്തുവിടാത്തതിലാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം പിടിപെട്ടത്. ഇദ്ദേഹം ജില്ലയുടെ പല മേഖലയില്‍ പോയതായാണ് ആരോഗ്യ വകുപ്പ് നല്കുന്ന വിവരം. എന്നാല്‍ ഇതുവരെ റൂട്ട്മാപ്പ് പുറത്തുവിട്ടില്ലെന്നതാണ് യുഡിഎഫ് പ്രതിഷേധത്തിന് കാരണം.