Site icon Ente Koratty

രോഗം വ്യാപനം തടയാൻ ക്വിക്ക് റെസ്പോൺസ് ടീം; എല്ലാ വീട്ടിലും എൻ 95 മാസ്ക് എത്തിക്കും

തിരുവനന്തപുരം: പൂന്തുറ, മാണിക്ക്യവിളാകം, പുത്തൻപള്ളി എന്നീ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ക്വിക്ക് റെസ്പോൺസ് ടീം രൂപീകരിച്ചു.  തിരുവനന്തപുരം തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ, പോലീസ്, ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് കോവിഡ് ക്വിക്ക് റെസ്പോൺസ് ടീം.

ക്രമസമാധാനം പൊലീസ് ഉറപ്പ് വരുത്തും. മരുന്നുകൾ, പരിശോധന സംവിധാനങ്ങൾ, ഭക്ഷ്യവസ്തുക്കളുടെ ലഭ്യത, പരിശോധന സംവിധാനം എല്ലായിടത്തും എത്തിക്കാൻ മൊബൈൽ യൂണിറ്റ്, എന്നിവയുടെ എല്ലാം ഏകോപന ചുതമല ഈ ടീമിന് ആയിരിക്കും.

ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളായതിനാൽ നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ തെരുവിലിറങ്ങുന്നത് കർശനമായി നിയന്ത്രിക്കും. ഏതെങ്കിലും തരത്തിലുള്ള താൽപര്യങ്ങൾ വച്ച് കൊണ്ട് പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കായിരിക്കും പ്രദേശം കൂടുതൽ അപകടാവസ്ഥയിലേക്ക് പോയാലുള്ള പൂർണ്ണ ഉത്തരാവദിത്വമെന്ന് കോർപറേഷൻ മേയർ കെ ശ്രീകുമാർ അറിയിച്ചു.

നിയന്ത്രണങ്ങൾ പാലിക്കുന്നതോടൊപ്പം തന്നെ രോഗം തിരിച്ചറിയുന്നതിനായി നടത്തുന്ന പരിശോധനകളോടും  പ്രദേശത്തെ ജനങ്ങൾ സഹകരിക്കണമെന്നും കോർപറേഷൻ മേയർ ആവശ്യപ്പെട്ടു.

മത, രാഷ്ട്രീയ, സാമുദായിക നേതാക്കന്മാരുടെ പിന്തുണയും മേയർ അഭ്യർത്ഥിച്ചു. രോഗം ഏറ്റവും കൂടുതൽ റിപോർട്ട് ചെയ്ത പൂന്തുറ, പുത്തൻപള്ളി, മണിക്യവിളാകം വാർഡുകൾ കേന്ദ്രീകരിച്ച് ആളുകൾക്ക് കൈ കഴുകുന്നതിനായി കൂടുതൽ ബ്രേക്ക് ദി ചെയിൻ പോയിന്റുകൾ നഗരസഭയുടെ നേതൃത്വത്തിൽ സ്ഥാപിക്കും.  ഓരോ വർഡുകൾക്കുമായും  25000 മാസ്‌ക്കുകൾ കൂടി നഗരസഭ വിതരണം ചെയ്യുമെന്നും. എൻ 95 മാസ്കാണ് വിതരണം ചെയ്യുന്നത്.

Exit mobile version