സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീനാണ് മരിച്ചത്. 63 വയസായിരുന്നു. മെഡിക്കല്‍ ഷോപ്പ് ഉടമയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. പ്രമേഹവും വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. രാവിലെയായിരുന്നു ഇദ്ദേഹം മരിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധയില്‍ കൊവിഡ് രോഗമുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സ്രവം പരിശോധനയ്ക്ക് അയച്ചു. ഇവിടെയും ഫലം പോസിറ്റീവായതോടെയാണ് കൊവിഡ് മരണമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി, കുമരി ചന്ത തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനപ്പെട്ട കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ രോഗവ്യാപനത്തിന് കാരണമായ ഇന്റക്സ് കേസ് കന്യാകുമാരി ഹാര്‍ബറില്‍ നിന്ന് മത്സ്യം എടുത്ത് കുമരിചന്തയില്‍ വില്പന നടത്തിയ മത്സ്യവ്യാപാരിയാണ്. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍, വീടുകളില്‍ മത്സ്യം കച്ചവടം നടത്തുന്നവര്‍, ചുമട്ട് തൊഴിലാളികള്‍, ലോറി ഡ്രൈവര്‍മാര്‍ തുടങ്ങി അടുത്തിടപഴകിയ 13 പേരിലാണ് ആദ്യം രോഗം ബാധിച്ചത്.