കൊച്ചി: അക്യൂട്ട് റെസ്പിറേറ്ററി ഇന്‍ഫെക്ഷനുമായി എറണാകുളം ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്കെത്തുന്ന ആളുകള്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആന്റിജന്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. മാനദണ്ഡ പ്രകാരം പൂള്‍ ടെസ്റ്റിംഗ് വഴി കൂടുതല്‍ സാമ്ബിളുകള്‍ പരിശോധിക്കും. സെന്റിനല്‍ സര്‍വെയ്‌ലന്‍സില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പരിശോധന നടത്തും. മന്ത്രി വി. എസ്. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കോവിഡ് അവലോകന യോഗത്തിലായിരുന്നു തീരുമാനം.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന നിശ്ചിത കടകള്‍മാത്രം തുറന്നു പ്രവര്‍ത്തിക്കും. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിയന്ത്രണം ഉണ്ടാവില്ല. അവശ്യ സര്‍വിസുകള്‍, ആശുപത്രി ജീവനക്കാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ശുചീകരണ തൊഴിലാളികള്‍, വിമാനങ്ങളിലും ട്രെയിനിലുമായി നിരീക്ഷണത്തിന് എത്തുന്ന ആളുകള്‍, തുടങ്ങിയവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്ര അനുവദിക്കും. ബാങ്കുകള്‍ മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാം. പൊതുജനങ്ങളെ അനുവദിക്കില്ല.
ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ രോഗ ലക്ഷണങ്ങളുമായി എത്തുന്ന ആളുകള്‍ക്ക് സ്വകാര്യ ലാബുകളില്‍ പരിശോധനക്ക് സൗകര്യം ഏര്‍പ്പെടുത്തും. സ്വകാര്യ ആശുപത്രികളില്‍ ആന്റിജന്‍ ടെസ്റ്റിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനും അവലോകന യോഗത്തിൽ നിര്‍ദേശം നല്‍കിയിട്ടുണ്ട്.