Site icon Ente Koratty

മിതമായ അളവിലെ മദ്യപാനം: മുതിർന്നവരില്‍ തലച്ചോറിന്റെ പ്രവർത്തനം സുരക്ഷിതമാക്കുമെന്ന് പഠനം

വാഷിങ്ടൺ: മിതമായ അളവിലെ മദ്യപാനം പ്രായമേറിയവരിൽ തലച്ചോറിന്റെ പ്രവർത്തനത്തെ സംരക്ഷിക്കുമെന്ന് പഠനം. ജോർജിയ സർവകലാശാലയുടേതാണ് പുതിയ പഠന റിപ്പോർട്ട്. അമേരിക്കയിലെ മധ്യവയസ്കരിലും മുതിർന്നവരിലും മദ്യപാനവും തലച്ചോറിന്റെ പ്രവർത്തനത്തിലെ മാറ്റങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് സംഘം പഠിച്ചത്.

“ദിവസവും കുറച്ച് വീഞ്ഞ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ചിലർ വിശ്വസിക്കുന്നു. ”- യുജിഎയുടെ കോളേജ് ഓഫ് പബ്ലിക് ഹെൽത്തിലെ ഡോക്ടറൽ വിദ്യാർത്ഥിയായ റുയുവാൻ ഷാങ് പറഞ്ഞു. “ചെറിയ അളവിൽ മദ്യം കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനവുമായി യഥാർത്ഥത്തിൽ ബന്ധപ്പെട്ടിരിക്കുന്നുണ്ടോ, അല്ലെങ്കിൽ ഇത് മദ്യപാനികളുടെ ന്യായവാദം മാത്രമാണോ ഇതെന്ന് ഞങ്ങൾക്ക് അറിയണമായിരുന്നു.”

മിതമായ മദ്യപാനം ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് പറയപ്പെടുന്നു. ചില ഗവേഷണങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് ഗുണകരാണെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, ഈ പഠനങ്ങളിൽ പലതും മദ്യത്തിന്റെ പ്രത്യാഘാതങ്ങളെ, അല്ലെങ്കിൽ കാലക്രമേണ അതുണ്ടാക്കാവുന്ന ഫലങ്ങളെ കുറിച്ച് പറയുന്നില്ല.

നാഷണൽ ഹെൽത്ത് ആൻഡ് റിട്ടയർമെന്റ് സ്റ്റഡിയിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് 10 വർഷത്തിലധികമായി തലച്ചോറിന്റെ പ്രവർത്തനം ട്രാക്കുചെയ്യുന്നതിനുള്ള ഒരു മാർഗം ഷാങ്ങും സംഘവും വികസിപ്പിച്ചു.

19,887 പേരാണ് ആരോഗ്യത്തെയും ജീവിതരീതിയെയും കുറിച്ച് വിവരങ്ങൾ നൽകിയത്. അതിൽ മദ്യപാന ശീലങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ഉൾപ്പെടുന്നു. മിതമായ മദ്യപാനം സ്ത്രീകൾക്ക് ആഴ്ചയിൽ എട്ട് ഗ്ലാസിൽ കുറവും പുരുഷന്മാർക്കിടയിൽ ആഴ്ചയിൽ 15 ഗ്ലാസോ അതിൽ കുറവോ ആയി നിർവചിക്കപ്പെടുന്നു.

അവരുടെ മൊത്തത്തിലുള്ള മാനസിക നില, വാക്കുകൾ ഓർമിച്ചെടുക്കൽ, പദാവലി എന്നിവ പരിശോധിക്കുന്ന ഒരു പരീക്ഷണത്തിലൂടെ  അവരുടെ വൈജ്ഞാനിക പ്രവർത്തനം അളന്നു. അവരുടെ പരിശോധനാ ഫലങ്ങൾ സംയോജിപ്പിച്ച് ആകെ സ്കോർ സൃഷ്ടിച്ചു.

പഠനസമയത്ത് ഇവർ ഈ വൈജ്ഞാനിക പരിശോധനകളിൽ എങ്ങനെ പ്രകടനം നടത്തിയെന്നും അവരുടെ പ്രകടനത്തെ ഉയർന്നതോ താഴ്ന്നതോ ആയി വർഗ്ഗീകരിക്കാനും ഷാങും സഹപ്രവർത്തകരും നോക്കി. അതായത് അവരുടെ വൈജ്ഞാനിക പ്രവർത്തനം കാലക്രമേണ ഉയർന്നതായി, അല്ലെങ്കിൽ കുറയാൻ തുടങ്ങി എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.

മദ്യപിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരു ദിവസം ഒന്നോ രണ്ടോ പെഗ് അകത്താക്കുന്നവർ കാലക്രമേണ വൈജ്ഞാനിക പ്രവർത്തനങ്ങളിൽ മികവ് പുലര്‍ത്തുന്നതായി സംഘം കണ്ടെത്തി.

പ്രായം, പുകവലി അല്ലെങ്കിൽ വിദ്യാഭ്യാസ നിലവാരം തുടങ്ങിയ വിജ്ഞാനത്തെ സ്വാധീനിക്കുന്ന മറ്റ് പ്രധാന ഘടകങ്ങൾ കണക്കാക്കി പരിശോധിച്ചപ്പോഴും മിതമായി മദ്യപിക്കുന്നവർക്കിടയിൽ വൈജ്ഞാനിക നിലവാരം ഉയർന്നുനിൽക്കുന്നതായി കണ്ടെത്തി.

ആഴ്ചയിൽ 10 മുതൽ 14വരെ ഗ്ലാസ് മദ്യമായിരുന്നു അനുവദനീയമായ അളവായി നിശ്ചയിച്ചത്. എന്നാൽ ഇതിൽ കുറവ് മദ്യം അകത്താക്കുന്നവരുടെ തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുമെന്ന് ഇതിന് അർത്ഥമില്ലെന്നും ഷാങ് പറഞ്ഞു.

ഈ മാറ്റം സാധാരണഗതിയിൽ ഉണ്ടായതെന്ന് പറയുക പ്രയാസമാണ്. എന്നാൽ, നിലവിൽ മദ്യപിക്കാത്തവർ ഈ ശീലം തുടങ്ങിയാൽ അവരുടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുമെന്നും ഇതിന് അർത്ഥമില്ല. ഈ പഠനം മദ്യപിക്കാത്തവരെ മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഷാങ് പറയുന്നു.

Exit mobile version