കേരളത്തിൽ രോഗ ഉറവിടം അറിയാതിരുന്ന 106 പേർക്കു രോഗം പകർന്ന വഴി കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. അതേസമയം വ്യാപനം തുടങ്ങി വച്ച ആദ്യരോഗികളെ കണ്ടെത്തിയതായി പറയുന്നില്ല. സ്രോതസ്സ് വ്യക്തമല്ലാതിരുന്ന 159 പേരിൽ 124 പേരുടെ അന്വേഷണമാണു പൂർത്തിയായത്.
18 പേരുടെ സ്രോതസ്സ് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. യാത്രാചരിത്രമോ രോഗികളുമായി സമ്പർക്കമോ ഇല്ലാത്ത ഒട്ടേറെ പേർക്കു കോവിഡ് സ്ഥിരീകരിച്ചത് വ്യാപകമായ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. സമൂഹവ്യാപനത്തിന്റെ തെളിവായി വിദഗ്ധർ ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. തുടർന്നാണ് എപ്പിഡമിയോളജിക്കൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയത്.
രോഗികളുടെയും കുടുംബാംഗങ്ങളുടെയും യാത്രാവിവരങ്ങളും സമ്പർക്കപ്പട്ടികയും പൂർണമായി ശേഖരിച്ച് സംശയമുള്ളവരിലെല്ലാം രോഗപരിശോധനകൾ നടത്തിയാണു ഭൂരിഭാഗം പേരുടെയും സ്രോതസ്സ് കണ്ടെത്തിയത്. 32 പേരുണ്ടായിരുന്ന മലപ്പുറം ജില്ലയിലാണ് സ്രോതസ്സ് വ്യക്തമല്ലാതിരുന്ന ഏറ്റവും കൂടുതൽ രോഗികളുണ്ടായിരുന്നത്. ഇതിൽ 20 പേരുടെ അന്വേഷണം പൂർത്തിയായപ്പോൾ 17 പേരുടെ രോഗസ്രോതസ്സ് വ്യക്തമായെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്.