എറണാകുളം മാര്‍ക്കറ്റിലെ 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊച്ചി നഗരം ആശങ്കയില്‍. മത്സ്യവ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറയിലും കര്‍ശന നിയന്ത്രണം തുടരുകയാണ്. റെയില്‍വെ ജീവനക്കാരന് രോഗം ബാധിച്ച കോഴിക്കോട് വാണിമേലില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ 40 പേരെ നിരീക്ഷണത്തിലാക്കി.
തലസ്ഥാനത്ത് മത്സ്യ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പൂന്തുറയിലും കമലേശ്വരത്തും പ്രത്യേക നിരീക്ഷണമേർപ്പെടുത്തിയത്. ഇദ്ദേഹം മത്സ്യ വിപണനം നടത്തിയ കുമരി ചന്തയടച്ചു. സമ്പർക്കപ്പട്ടികയിലുള്ള 100 പേരുടെ സ്രവം ശേഖരിച്ചു തുടങ്ങി. മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിന് പുറമെ താനൂർ നഗരസഭ കൂടി കണ്ടെയ്ന്മെന്റ് സോണാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വില്ലേജ് ഓഫീസ് ജീവനക്കാരനുൾപ്പെടെ മൂന്നു പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതിനെ തുടർന്നാണ് നടപടി. കൂടാതെ ജൂൺ 22ന് രോഗം ബാധിച്ച താനൂർ ചീരാൻ കടപ്പുറം സ്വദേശിയായ ലോറി ഡ്രൈവർ നിരവധി ആളുകളുമായി സമ്പർക്കം പുലർത്തിയതായാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ.
മാർക്കറ്റ് കേന്ദ്രീകരിച്ചുള്ള കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ അതീവ ജാഗ്രതയിലാണ് എറണാകുളം ജില്ല. മാർക്കറ്റുമായി ബന്ധപ്പെട്ട് കോവിഡ് പോസിറ്റീവായവരുടെ എണ്ണം 9 ആയി. കൊക്രി സ്വദേശിയായ റെയിൽവെ ജീവനക്കാരന് കോവിഡ് ബാധിച്ചതോടെ കോഴിക്കോട് വാണിമേലില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ 40 പേരെ നിരീക്ഷണത്തിലാക്കി. കണ്ണൂരിൽ 56 സി.ഐ.എസ്.എഫ് ജവാന്മാർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2 ,30 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.