21 ദിവസത്തെ ലോക്ക്ഡൗൺ കാരണം ആഭ്യന്തര വിപണിയിൽ ഭൌതിക സ്വർണ വിൽപ്പന നിർത്തി വച്ചിരിക്കുകയാണെങ്കിലും ആഗോള നിരക്ക് വർദ്ധനവിനെ തുടർന്ന് ആഭ്യന്തര വിപണിയിലും സ്വർണ വില കുത്തനെ ഉയർന്നു. ഇന്ത്യയിലെ ഫ്യൂച്ചർ വിപണികളിൽ ഇന്ന് സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തി. എംസിഎക്സിൽ, ജൂൺ സ്വർണ്ണ ഫ്യൂച്ചറുകൾ ഒരു ശതമാനം ഉയർന്ന് 10 ഗ്രാമിന് 45,800 രൂപയിലെത്തി. മെയ് സിൽവർ ഫ്യൂച്ചർ കിലോയ്ക്ക് 0.4 ശതമാനം ഉയർന്ന് 43,670 രൂപയിലെത്തി.
സ്വർണ ഇറക്കുമതി
ഇന്ത്യയിലെ സ്വർണ്ണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു. ഇന്ത്യ സ്വർണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. മാർച്ചിൽ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 73 ശതമാനത്തിലധികം ഇടിഞ്ഞു.
ആഗോള വിപണി
ആഗോള വിപണികളിൽ ഇന്ന് സ്വർണ്ണ നിരക്കിൽ കാര്യമായ മാറ്റമില്ല. എങ്കിലും ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വർണത്തിന് ഇന്നുള്ളത്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനിടയിലും സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും കഴിഞ്ഞയാഴ്ച യുഎസ് ഫെഡറൽ റിസർവ് പ്രഖ്യാപിച്ച പുതിയ ഉത്തേജക നടപടികളും സ്വർണ വില കൂടാൻ കാരണമായി. സ്പോട്ട് സ്വർണം ഔൺസിന് 1,686.82 ഡോളറാണ് ഇന്നത്തെ വില.
മറ്റ് വിലയേറിയ ലോഹങ്ങൾ
വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി 0.5 ശതമാനം ഉയർന്ന് 15.40 ഡോളറിലെത്തി. പ്ലാറ്റിനം 0.3 ശതമാനം ഇടിഞ്ഞ് 745.74 ഡോളറിലെത്തി. പ്രാദേശിക സർക്കാരുകളെയും ചെറുകിട, ഇടത്തരം ബിസിനസുകളെയും ശക്തിപ്പെടുത്തുന്നതിനായി യുഎസ് ഫെഡറൽ റിസർവ് 2.3 ട്രില്യൺ ഡോളർ ഉത്തേജക പാക്കേജ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസ് ബാധിച്ച സമ്പദ്വ്യവസ്ഥകൾക്ക് യൂറോപ്യൻ യൂണിയൻ ധനമന്ത്രിമാർ അര ട്രില്യൺ യൂറോയുടെ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഇത് ലോഹങ്ങളുടെ വില വർദ്ധനവിന് കാരണമായിട്ടുണ്ട്.
നിക്ഷേപ വർദ്ധനവ്
ഭൌതിക സ്വർണ വിൽപ്പന നടക്കുന്നില്ലെങ്കിലും സ്വർണത്തിനുള്ള നിക്ഷേപ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ പിന്തുണയുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിഡിആർ ഗോൾഡ് ട്രസ്റ്റിന്റെ ഓഹരികൾ വ്യാഴാഴ്ച 0.56 ശതമാനം ഉയർന്ന് 994.19 ടണ്ണായി. വിലയുടെ ചലനത്തെയും ഭൌതിക സ്വർണ്ണത്തിലുള്ള നിക്ഷേപത്തെയും അടിസ്ഥാനമാക്കിയുള്ള നിഷ്ക്രിയ നിക്ഷേപ ഉപകരണങ്ങളാണ് സ്വർണ്ണ-പിന്തുണയുള്ള ഇടിഎഫുകൾ.
സ്വർണ വിപണി
ഇന്ത്യയിൽ, മൂന്നാഴ്ചത്തെ ലോക്ക്ഡൌണിനെ തുടർന്ന് സ്വർണ വിൽപ്പന താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലോക്ക് ഡൌൺ വിപുലീകരണത്തെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം ജ്വല്ലറികൾ മെയ് ഡെലിവറിക്ക് പോലും ഓർഡറുകൾ നൽകുന്നില്ലെന്ന് മുംബൈ ആസ്ഥാനമായുള്ള ഒരു ഡീലർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. റെക്കോർഡ് വിലയും ലോക്ക്ഡൌണും സ്വർണ വിൽപ്പനയെ കാര്യമായി തന്നെ ബാധിക്കാനിടയുണ്ട്.
കേരളത്തിലെ വില
കൊറോണ ഭീതിയ്ക്കിടയിലും കേരളത്തിൽ സ്വർണ വില ഇന്നും സർവ്വകാല റെക്കോർഡിലാണ്. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ഇന്നും കേരളത്തിലെ സ്വർണ വില. ഒരു പവൻ സ്വർണത്തിന്റെ വില 33,200 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 4,150 രൂപയാണ് നിരക്ക്. കഴിഞ്ഞ രണ്ട് ദിവസമായി 33,200 രൂപയ്ക്കാണ് കേരളത്തിൽ സ്വർണ വിൽപ്പന നടക്കുന്നത്.