പേമെന്റ് ആപ്പുകളില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കി ആര്‍ബിഐ സുപ്രിംകോടതിയില്‍. ആപ്പുകള്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് തങ്ങളല്ല മറിച്ച് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണെന്നും ആര്‍ബിഐ വ്യക്തമാക്കി. ബിനോയ് വിശ്വം എം.പി. നല്‍കിയ ഹര്‍ജിയിലാണ് ആര്‍ബിഐയുടെ മറുപടി.
സ്വാകാര്യവിവിരങ്ങള്‍ പ്രത്യേക ആവശ്യങ്ങള്‍ക്ക് പങ്കുവയ്ക്കേണ്ടിവരുമെന്ന വാട്‌സ്ആപ്പ് ഭീഷണി നിലനില്‍ക്കെയാണ് ആര്‍ബിഐയുടെ മറുപടി. ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കി പേമെന്റ് ആപ്പുകളില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്ന് ആര്‍ബിഐ സുപ്രിം കോടതിയെ അറിയിച്ചു. പൗരന്‍മാരുടെ സ്വകാര്യത ലംഘിക്കാത്തവിധം മാര്‍ഗരേഖയുണ്ടാക്കാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ ഹര്‍ജിയിലെ പ്രധാന ആവശ്യം.
യുപിഐ പ്ലാറ്റ്‌ഫോമുകള്‍ വഴി ശേഖരിക്കുന്ന ഇന്ത്യക്കാരുടെ വിവരം കോര്‍പറേറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും പേമെന്റ് സേവനങ്ങള്‍ക്കായി ഗൂഗിള്‍, ആമസോണ്‍, വാട്‌സ് ആപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ ശേഖരിക്കുന്ന വിവരം മൂന്നാം കക്ഷിയുമായി പങ്കുവയ്ക്കരുതെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിരാകരിച്ചാണ് ആപ്പുകളുടെ പേമെന്റ് സേവനങ്ങള്‍ പരിശോധിക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്ന ആർബിഐയുടെ നിലപാട്. തേഡ് പാര്‍ട്ടി ആപ്പ് പ്രൊവൈഡര്‍മാര്‍ക്ക് റിസര്‍വ് ബാങ്കല്ല അനുമതി നല്‍കുന്നത്. ഇവ നേരിട്ട് റിസര്‍വ് ബാങ്കിന്റെ കീഴില്‍ വരുന്നുമില്ല. ആപ്പുകള്‍ക്ക് യു.പി.ഐ. സേവനം നല്‍കാന്‍ അനുമതികൊടുക്കുന്നത് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്.