Site icon Ente Koratty

വികസനം – പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ !

ഡേവിസ് വല്ലൂരാൻ-തിരുമുടിക്കുന്ന്

ഉപേക്ഷിക്കപ്പെട്ടുവെന്ന് കരുതിയിരുന്ന വന്‍കിട പദ്ധതിയായ അതിവേഗ റെയിലിനു പകരം കെ-റെയിൽ എന്നപേരില്‍ വരുന്നുവെന്ന് അറിയുമ്പോള്‍ ആശങ്കകള്‍ കൂടുകയാണ്. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഈ കൊച്ചുകേരളത്തിൽ ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടുള്ള വന്‍കിട പദ്ധതികൾ ആവശ്യമുണ്ടോ?

കേരളത്തിൻ്റെ മൊത്തം കടം മൂന്നര ലക്ഷം കോടി രൂപയാണെന്ന് പറയപ്പെടുന്നു. ആളോഹരി കടം ഒരു ലക്ഷം രൂപയിൽ നിൽക്കുന്ന ഇന്നത്തെ കേരളത്തിൽ ഇനിയുമൊരു കടഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കേണ്ടതുണ്ടോ? 66000കോടി രൂപയാണ് ഈ പദ്ധതിക്ക് ചിലവ് വരുന്നത് എന്നാണ് മനസ്സിലാക്കുന്നത്. പക്ഷെ പദ്ധതി പൂർത്തീകരിക്കുമ്പോൾ കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസമടക്കം ഒരു ലക്ഷം കോടി രൂപയിലധികം ചിലവ് വരുമെന്ന് വിദഗ്ധര്‍ പറയുന്നു.

ജനങ്ങളേയും പ്രകൃതിയേയും സംരക്ഷിച്ചുകൊണ്ടുള്ള വികസനമല്ലേ നമുക്കാവശ്യം? പ്രകൃതിസൗഹൃദ വികസനമല്ലേ നമുക്ക് വേണ്ടത്? എത്രമാത്രം കരിങ്കല്‍ ഖനനംചെയ്താലാണ് ഈ പദ്ധതിയുടെ നിർമ്മാണം പൂര്‍ത്തീകരിക്കാനാവുക? രണ്ടു പ്രളയങ്ങളും കോവിഡ് എന്ന മഹാമാരിയും കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയ സാഹചര്യത്തിൽ ഇനിയുമൊരു പ്രകൃതി ദുരന്തം ക്ഷണിച്ചുവരുത്തുകയും വമ്പിച്ച കടബാധ്യത ഏറ്റെടുക്കുകയും ചെയ്യേതുണ്ടോ? ഈ വന്‍കിട പദ്ധതിക്കാവശ്യമായ പണം കടം എടുക്കുകയാണെങ്കിൽ പോലും അത് പലിശ സഹിതം തിരിച്ച് കൊടുക്കേണ്ടേ? കുടിയൊഴിപ്പിക്കപ്പെടുന്നവരെ എവിടെ പുനരധിവസിപ്പിക്കാൻ പോകുന്നു? കുടിയൊഴിപ്പിക്കപ്പെടുന്ന വീടുകളുടെ അവശിഷ്ടങ്ങൾ നിക്ഷേപിച്ച് മാലിന്യ കൂമ്പാരങ്ങൾ നിറയുകയില്ലേ? നിർമ്മാണം കഴിയുമ്പോൾ യാത്രക്ക് കി.മീറ്ററിന് നാലുരൂപയോളം നൽകേണ്ടി വരുന്നു.

കുറച്ച് അതിസമ്പന്നന്മാർക്ക്  മാത്രം ഉപകാരപ്പെടുന്ന ഈ പദ്ധതി വരുന്നതുകൊണ്ട് ആയിരക്കണക്കിന് സാധാരണക്കാര്‍ കുടിയൊഴിപ്പിക്കപ്പെടുന്നത് ആരും കാണുന്നില്ലേ? വൻകിട പദ്ധതി പൂർത്തിയാക്കുന്നുവെന്ന ദുരഭിമാനം നാം വെടിയണം. യാഥാർത്ഥ്യങ്ങൾ തിരിച്ചറിയണം.

വിമാനത്താവളങ്ങള്‍ നവീകരിച്ചുകൊണ്ടും നിലവിലുള്ള റെയില്‍വേ വികസിപ്പിച്ചും ഹൈവേകളും മറ്റുറോഡുകളും മലയോര ഹൈവെയും കാര്യക്ഷമമാക്കിയും ഉള്‍നാടന്‍ ജലഗതാഗതം പ്രോത്സാഹിപ്പിച്ചും കോവളം മുതല്‍ കാസര്‍ഗോഡുവരെയുള്ള ദേശീയ ജലപാത പ്രവര്‍ത്തനക്ഷമമാക്കിയുംപോരെ വികസനം നടപ്പിലാക്കാന്‍? ജനസാന്ദ്രതകൂടിയ ഈ കൊച്ചുകേരളത്തില്‍ വമ്പിച്ച സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന, വലിയ തോതില്‍ പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന, യാത്രാചിലവ് അധികരിച്ച, ആയിരക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുന്ന ഈ വന്‍കിട പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും ജനങ്ങളും ഈ പദ്ധതിയുടെ ദോഷങ്ങള്‍ മനസ്സിലാക്കി കെ- റെയിൽ പദ്ധതിയിൽ നിന്നും സര്‍ക്കാരിനെ പിൻതിരിപ്പിക്കുകയും പദ്ധതി ഉപേക്ഷിക്കുകയും വേണം.

Exit mobile version