–കേരളത്തിലെ പൗരൻ
കൊറോണ- അതീവജാഗ്രത അത്യാവശ്യം
കേരളത്തിൽ കൊറോണ വളരുകയാണ്, ആർക്കും തടുക്കാൻ പറ്റാത്ത പോരാളിയെപോലെ. നെഞ്ചു വിരിച്ചു, തല ഉയർത്തി കോറോണയുടെ വിജയഗാഥ തുടരുകയാണ്.
എവിടെയാണ് നമ്മൾക്ക് പിഴച്ചതു? ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? എങ്ങനെയാണു ഇതിനെ പിടിച്ചു കെട്ടേണ്ടതു? ഒരുപാടു നിയന്ത്രണങ്ങൾ സർക്കാർ കൊണ്ടുവരുന്നുണ്ട്. പക്ഷെ ഈ രോഗത്തെ പിടിച്ചു കെട്ടാൻ ഈ നിയന്ത്രണങ്ങൾക്കൊന്നും പറ്റുന്നില്ല. രോഗികൾ കൂടി കൂടി ഓരോ ദിവസവും റെക്കോർഡുകൾ സ്ഥാപിക്കുകയാണു.
സത്യത്തിൽ സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ജനങ്ങൾ പാലിക്കുന്നില്ല. കുറച്ചു പേര് പോലീസിനെ പേടിച്ചു വീട്ടിലിരിക്കുന്നു, ചിലർ പോലീസിനെ കബളിപ്പിച്ചു ധീരന്മാരെ പോലെ ഇറങ്ങി നടക്കുന്നു. സർക്കാർ പറയുന്ന ഈ കണ്ടൈൻമെൻറ് സോണിൽ തന്നെ ജനങ്ങൾ ഒരു കൂസലുമില്ലാതെ നടക്കുകയാണ്. എല്ലാ ദിവസവും കണ്ടൈൻമെൻറ് സോണിൽ നിന്നും ഒരുപാടു ആളുകൾ പുറത്തു പോകുന്നുണ്ട്. ഒരു നിയന്ത്രണങ്ങളുമില്ല. ഭൂരിഭാഗം സ്ഥലങ്ങളിൽ പോലീസ് വെറും നോക്കുകുത്തികളാണ്.
വെറുതെ ആളുകളെ ബോധിപ്പിക്കാനായി കണ്ടൈൻമെൻറ് സോൺ, ലോക്കഡൗൺ എന്നുള്ള കുറെ നാടകങ്ങൾ. . പണ്ട് കേരളത്തിൽ 400-500 രോഗികളുള്ളപ്പോൾ എത്ര കടുത്ത നിയന്ത്രണങ്ങളാണ് ഇവിടെ ഉണ്ടായതു. അതിന്റെ ഫലം നമ്മൾ കാണുകയും ചെയ്തു. ഇപ്പോൾ 15,000നു മുകളിൽ രോഗികളുള്ളപ്പോൾ ഒരു കൺട്രോളുമില്ല.
ഇപ്പോൾ നാം പിന്തുടരുന്ന നിയന്ത്രണങ്ങൾ ഒരു പരാജയമാണെന്നു കേരളത്തിലെ ഓരോ ദിവസത്തെയും രോഗികളുടെ എണ്ണം കാണിച്ചു തരുന്നു.
കേന്ദ്ര സർക്കാരിന്റെയോ WHO യുടെയോ നിയമാവലിയല്ല നമ്മൾ പിന്തുടരേണ്ടത്. നമ്മൾക്ക് അനുയോജ്യമായ രീതിയാണ് നമ്മൾ പിന്തുടരേണ്ടത്. അതിനു കേരള സർക്കാർ ലോക്ക്ഡൗൺ കടുപ്പിക്കണം. ഒരു 45 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിക്കു, ഇപ്പോൾ ഉള്ള രോഗികളുടെ എണ്ണം കുറയും. ദിവസേനയുള്ള രോഗത്തിന്റെ അളവ് വളരെ അധികം കുറയും.
സർക്കാരിന് ഒരുപാടു വിമർശനങ്ങൾ കേൾക്കേണ്ടിവരും, പക്ഷെ ഒരു പഴംചൊല്ല് ഓർത്താൽ മതി, ആദ്യം കയ്ക്കും, പിന്നെ മധുരിക്കും. സർക്കാരിന് നികുതി കിട്ടണമെങ്കിൽ ആളുകൾ ജീവനോടെ വേണം. ഇറ്റലിയിലും അമേരിക്കയിലും പോലെ ഇവിടെ സംഭവിച്ചാൽ അത് ഈ കൊച്ചു കേരളത്തിനു താങ്ങാൻ പറ്റില്ല.
ഇപ്പോഴും കൈവിട്ടു പോയിട്ടില്ല, ഇനിയും അവസരങ്ങളുണ്ട്. ഇപ്പോൾ തന്നെ ഒരുപാടു പേർക്ക് ജീവൻ നഷ്ടപെട്ടു. ഇനിയെങ്കിലും നമ്മൾ ഉണരണം. ഉറ്റവരെ നഷ്ടപെട്ടവർക്കേ അതിന്റെ വേദന അറിയൂ, ഒരു കാര്യം ഓർക്കുന്നത് നല്ലതു, പണം നമ്മൾക്ക് അത്യാവശ്യമാണ് പക്ഷെ നമ്മൾ സമ്പാദിക്കുന്ന പണം നമ്മൾക്ക് ഉപയോഗിക്കണമെങ്കിൽ നമ്മൾ ജീവനോടെ വേണം.
കഴിഞ്ഞ ആഴ്ചയിൽ ഒരു വാർത്ത കണ്ടു, ആരോഗ്യ മന്ത്രി പറയുകയാണ് അടുത്ത മാസം കേരളത്തിൽ പതിനായിരമോ ഇരുപതിനായിരമോ രോഗികൾ ഒരു ദിവസം ഉണ്ടാകുമെന്നു, എന്തിനു അത് വരെ കാത്തു നിൽക്കണം. എന്തുകൊണ്ട് ഒരു നിയന്ത്രണങ്ങളും കടുപ്പിക്കുന്നില്ല.
കേരളത്തിലെ സ്വകാര്യ ആശുപത്രികൾക്ക് ഇനി കോവിഡ് രോഗികളെ ചികിൽസിക്കാം, പക്ഷെ അവരുടെ ബില്ല് അവരവര് തന്നെ കൊടുക്കണം. സാധാരണകർക്കു ഇതു എങ്ങനെ താങ്ങും? ആരും ചിന്തിക്കുന്നില്ല. ഈ പതിനായിരവും ഇരുപത്തിനായിരവും രോഗികൾ വരുമ്പോൾ സർക്കാർ ആശുപത്രികളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സൗകര്യമുണ്ടാകില്ല, അപ്പോൾ പുതിയ രോഗികളെ സ്വകാര്യ ആശപത്രികളിലേക്കു വിടും. ഒരു ചെറിയ ഇടത്തരം കുടുംബമാണെകിൽ രോഗം മാറുമ്പോഴേക്കും അവരുടെ കിടപ്പാടം, കിട്ടുന്ന കാശിനു കൊടുക്കേണ്ടി വരും. ഇതാണ് കേരളത്തിന്റെ ഭാവി.
ഈ രാഷ്ട്രീയ പോരുകൾ മറന്നു കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒറ്റകെട്ടായി നിന്നു കേരളത്തിന്റെ നന്മക്കായി പരിശ്രമിക്കേണ്ട കാലം അതിക്രമിചിരിക്കുന്നു. ഓർക്കുക ഒരു രാഷ്ട്രീയ നേതാവിനെയും കോറോണക്കറിയില്ല, ജീവനോടെ ഉണ്ടെങ്കിലേ ഭരിക്കാനും, വിമർശിക്കാനും സാധിക്കു……..
എല്ലാവര്ക്കും നന്മകൾ മാത്രം നേർന്നുകൊണ്ട്.
കേരളത്തിലെ ഒരു പൗരൻ