ടിക്ക്ടോക്ക് പോയെങ്കിലും അതുക്കും മേലെയുളള ആപ്പിറക്കി ശ്രദ്ധനേടുകയാണ് തലസ്ഥാനത്തെ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി. ടിക്ക്ടിക്ക് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന് ഒരുദിവസം കൊണ്ട് ഡൗണ്ലോഡ് ചെയ്തത് പതിനായിരത്തിലധികമാളുകള് ആണ്. സ്വന്തമായി എഡിറ്റ് ചെയ്ത് വീഡിയോകൾ പോസ്റ്റ് ചെയ്യാൻ കഴിയുന്ന ആപ്പിൽ ചാറ്റിംഗ് സൗകര്യമുണ്ട്.
സ്വന്തമായൊരു ആപ്ലിക്കേഷൻ നിർമ്മിക്കുക എന്നത് ആശിഷ് സാജനെന്ന ഇരുപത്തി മൂന്നുകാരന്റെ സ്വപ്നമായിരുന്നു. എൻജിനീയറിംഗിന് ഐടി തന്നെ തെരഞ്ഞെടുത്തു. പഠനമുറി കുഞ്ഞൻ ആപ്പുകളുടെ പണിപ്പുരയാക്കി നിരവധി പരീക്ഷണങ്ങളും നടത്തി. അങ്ങനെയാണ് ടിക്ക്ടോക്ക് നിരോധിച്ച അതേദിവസം ടിക്ക്ടോക്കിനെ വെല്ലുന്ന പുത്തൻ ടിക്ക്ടിക്ക് ആപ്ലിക്കേഷന് ആശിഷ് രൂപം നൽകിയത്.
ടിക്ക്ടോക്കിനേക്കാൾ മികച്ച സൗകര്യങ്ങളാണ് ടിക്ക് ടിക്ക് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജനപ്രിയ ആപ്പ് നിരോധിച്ച വാർത്ത കേട്ട് വിഷമിച്ചിരിക്കുമ്പോഴാണ് അനിയത്തി സാന്ദ്രയെ തേടി ടിക്ക്ടിക്ക് സന്തോഷ വാർത്തയെത്തുന്നത്. പുത്തൻ ആപ്ലിക്കേഷനൊപ്പം ആശിഷും ജനശ്രദ്ധ നേടിയതിന്റെ സന്തോഷത്തിലാണ് അച്ഛൻ സാജനും അമ്മ ദീപയും.
തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളജിലെ മൂന്നാം വർഷ ഐടി വിദ്യാർത്ഥിയാണ് ആശിഷ്. കൂടുതൽ ആളുകൾ ടിക്ക് ടിക്ക് ഡൌൺലോഡ് ചെയ്യുന്നതോടെ കൂടുതൽ വ്യത്യസ്ഥ ഫീച്ചറുകൾ ടിക്ക്ടിക്കിൽ ഉൾപ്പെടുത്താനാണ് ഈ യുവ സംരംഭകന്റെ തീരുമാനം.
യുസി ബ്രൗസർ, ക്യാം സ്കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമുള്ള നടപടി.