Site icon Ente Koratty

ടിക് ടോകിന് ചൈനീസില്‍ ബൈ പറഞ്ഞ് ഫുക്രു, അക്കൌണ്ട് ഡിലീറ്റ് ചെയ്ത് സൗഭാഗ്യ

ഇന്ത്യയില്‍ ടിക് ടോക് ആപ്പ് നിരോധിച്ചതിനോടുള്ള പ്രതികരണം പല വിധത്തിലാണ്. 44 ലക്ഷം ഫോളേവേഴ്സുള്ള ഫുക്രു രസകരമായ ഒരു വീഡിയോ പങ്കുവെച്ചാണ് പ്രതികരിച്ചത്.

ചൈനീസ് സംഭാഷണത്തിന് തന്‍റേതായ രീതിയില്‍ മലയാളം സബ് ടൈറ്റില്‍ നല്‍കിക്കൊണ്ടുള്ള വീഡിയോ ആണ് ഫുക്രു പോസ്റ്റ് ചെയ്തത്.

“ശ്ശോ ഇനി എന്തു ചെയ്യും?

മോളെ അയിന് ഇപ്പോള്‍ എന്തു സംഭവിച്ചു?

ചൈനീസ് ആപ്പ് എല്ലാം പോയില്ലേ, എന്തേലും മിസ് ചെയ്യുമോ?

ടിക് ടോക് ചെറുതായിട്ട്

ഇറ്റ്‌സ് ഒക്കെ,

ബൈ”.

‘അദൃശ്യമായ തടസ്സങ്ങള്‍ മറികടക്കാനും എളിയ പരിശ്രമത്തിലൂടെ നിങ്ങളെ രസിപ്പിക്കാനും ടിക് ടോക് ഞങ്ങളെ സഹായിച്ചു’വെന്നും വീഡിയോയുടെ അവസാനം എഴുതികാണിക്കുന്നുണ്ട്. വീഡിയോ ഇന്‍സ്റ്റയിലും ഫുക്രു പങ്കുവെച്ചു.

മറ്റൊരു ടിക് ടോക് താരവും നര്‍ത്തകിയുമായ സൌഭാഗ്യ വെങ്കിടേഷ് ടിക് ടോക് അക്കൌണ്ട് ഡിലീറ്റ് ചെയ്തതിന്‍റെ സ്ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

“ടിക് ടോക്കിനും 1.5 മില്യണ്‍ ഫോളോവേഴ്‌സിനും വിട. ഈ നിരോധനം എന്നെ തകര്‍ത്തോ എന്നു ചോദിച്ചവരോട്, ഇതൊരു ആപ്പ് മാത്രമാണ്. സൗഭാഗ്യ വെങ്കിടേഷല്ല. ഒരു കലാകാരിയെ സംബന്ധിച്ച് അവരുടെ കഴിവുകള്‍ പങ്കുവെക്കാന്‍ ഏത് വേദി വേണമെങ്കിലും ഉപയോഗിക്കാം’ എന്നും സൗഭാഗ്യ കുറിച്ചു.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

Exit mobile version