Site icon Ente Koratty

വിധിയെഴുതാന്‍ ഒരുങ്ങി ജനങ്ങള്‍; കേരളം പോളിംഗ് ബൂത്തിലേക്ക്

ഏറെ നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിനായി കേരളം പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്ത് ജനവിധി തേടുന്നത് 957 സ്ഥാനാര്‍ത്ഥികള്‍ ആണ്. രണ്ടുകോടി 74 ലക്ഷം സമ്മതിദായകരാണ് പോളിംഗ് ബൂത്തുകളിലെത്തുക. 59,000 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. 140 കമ്പനി കേന്ദ്രസേനയും കേരളത്തിലുണ്ട്. കൊവിഡ് സാഹചര്യത്തില്‍ പ്രത്യേക കരുതല്‍ ഒരുക്കിയാകും വോട്ടെടുപ്പ് നടപടികള്‍ നടക്കുക. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പ് നടക്കുന്ന എല്ലാ ബൂത്തുകളിലും കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെര്‍മല്‍ സ്‌കാനിങ് അടക്കമുള്ള പരിശോധനാ സംവിധാനങ്ങളും ഹാന്‍ഡ് വാഷ്, ഹാന്‍ഡ് സാനിറ്റൈസര്‍ തുടങ്ങിയവ അടങ്ങിയ ബ്രേക്ക് ദ ചെയിന്‍ കിറ്റും എല്ലാ ബൂത്തുകളിലും നല്‍കിയിട്ടുണ്ട്.

ബൂത്തുകളില്‍ വരി നില്‍ക്കുന്നവര്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. ഇതിനായി ബൂത്തുകള്‍ക്കു മുന്നില്‍ പ്രത്യേക അടയാളങ്ങളിട്ടിട്ടുണ്ട്. സ്ത്രീകള്‍, പുരുഷന്മാര്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കായി മൂന്നു ക്യൂ ഓരോ ബൂത്തിലുമുണ്ടാകും. സമ്മതിദായകര്‍ കൃത്യമായി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ബൂത്ത് തല ഓഫിസര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും ഉറപ്പാക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി പോളിംഗ് ഓഫിസര്‍മാര്‍ക്കു പുറമേ എല്ലാ ബൂത്തുകളിലും ഒരു ഉദ്യോഗസ്ഥനെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്.

Exit mobile version