നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചരണം അവസാനിച്ചു. ഇനിയുള്ള മണിക്കൂറുകളിൽ സംസ്ഥാനത്ത് നിശബ്ദ പ്രചരണവുമായി വോട്ടുപിടുത്തം തുടരും. കോവിഡ് പശ്ചാത്തലത്തിൽ കൊട്ടിക്കലാശവും ബൈക്ക് റാലികളും തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചെങ്കിലും സംസ്ഥാനത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ആവേശ തിമിർപ്പോടെയാണ് പരസ്യ പ്രചരണത്തിന്റെ അവസാന മണിക്കൂറുകൾ കടന്നുപോയത്. കൊട്ടിക്കലാശമില്ലാതെ വൈകുന്നേരം ഏഴു മണിയോടെ മുന്നണികൾ പരസ്യ പ്രചരണം അവസാനിപ്പിക്കുകയായിരുന്നു.
ഇടതുമുന്നണിയുടെ താരപ്രചാരകനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിലും, യുഡിഎഫിനെ പ്രചരണത്തിൽ നയിച്ച രാഹുൽ ഗാന്ധി നേമം മണ്ഡലത്തിലും അണികളെ ഇളക്കി മറിച്ച റോഡ് ഷോയ്ക്ക് നേതൃത്വം നൽകി. അതേസമയം ബിജെപിയുടെ താരപ്രചാരകരായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അവസാന ദിവസം സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല. അതേസമയം ധനമന്ത്രി നിർമല സീതാരാമൻ ഉൾപ്പടെയുള്ളവർ അവസാന മണിക്കൂറുകളിലും എൻ ഡി എ സ്ഥാനാർഥികൾക്കു വേണ്ടി രംഗത്തിറങ്ങി.
കൊട്ടിക്കലാശം ഇല്ലായിരുന്നെങ്കിലും റോഡ് ഷോകളാണ് അവസാന മണിക്കൂറുകളിൽ പരസ്യ പ്രചാരണത്തിന് കൊഴുപ്പേകിയത്. ദേശീയ-സംസ്ഥാന നേതാക്കൾ വിവിധ മുന്നണികൾക്കു വേണ്ടി രംഗത്തിറങ്ങി. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്തെ രണ്ടു കോടി 74 ലക്ഷം വോട്ടർമാർ ചൊവ്വാഴ്ച പോളിങ് ബൂത്തിലെത്തും. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്.
സംസ്ഥാനത്ത് മത നിരപേക്ഷത സംരക്ഷിക്കാൻ എൽ ഡി എഫിന് മാത്രമേ കഴിയുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം മണ്ഡലത്തിൽ റോഡ് ഷോയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഴിമതി ഇല്ലാത്ത നാടാക്കി കേരളത്തെ മാറ്റണം. നാലര ലക്ഷം പരമ ദരിദ്ര കുടുംബങ്ങളെ അതിൽ നിന്ന് മോചിപ്പിക്കും. കേരളം ഇടത് മുന്നണിയെ ജയിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. ധർമ്മടത്ത് തന്നെ വിജയിപ്പിക്കണമെന്നും പിണറായി വിജയൻ വോട്ടർമാരോട് അഭ്യർഥിച്ചു.
പ്രചരണത്തിന്റെ അവസാന മണിക്കൂറുകളിൽ സംസ്ഥാനത്തെ ചില മണ്ഡലങ്ങളിൽ സംഘർഷം ഉണ്ടായിട്ടുണ്ട്. കൊല്ലം അഞ്ചൽ കരുകോണിൽ യു ഡി എഫ് – എൽ ഡി എഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. കരുനാഗപ്പള്ളിയിൽ ബി ജെ പി പ്രവർത്തകന് വെട്ടേറ്റു. ആക്രമണത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് ബി ജെ പി ആരോപിക്കുന്നു.