Site icon Ente Koratty

അമിത് ഷാ കേരളത്തിലെത്തി; നാലിടങ്ങളിൽ റോഡ് ഷോയും യോഗങ്ങളും

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിലെത്തി. ഇന്നലെ രാത്രി കൊച്ചി വിമാനത്താവളത്തിൽ എത്തിയശേഷം അദ്ദേഹം ബിജെപി നേതാക്കളുമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനം അവലോകനം ചെയ്തു. ഇന്ന് തൃപ്പൂണിത്തുറയിലും പാലക്കാട് കഞ്ചിക്കോട്ടും റോഡ് ഷോകളിൽ പങ്കെടുക്കും. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലും കൊല്ലം ജില്ലയിൽ ചാത്തന്നൂരിലും പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി എത്തുന്നതിന്റെ ഭാഗമായി തൃപ്പൂണിത്തുറയില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാവിലെ ഹെലികോപ്റ്ററില്‍ തൃപ്പൂണിത്തുറയിലെത്തുന്ന ആഭ്യന്തര മന്ത്രി കിഴക്കേക്കോട്ട ജങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജംങ്ഷനിലേക്ക് റോഡ് ഷോയില്‍ സ്ഥാനാര്‍ത്ഥി ഡോ. കെ എസ് രാധാകൃഷ്ണനൊപ്പം പങ്കെടുക്കും. 10.30 മുതൽ 10.50വരെയാണ് റോഡ് ഷോ. അമിത്ഷായെ സ്വീകരിക്കുന്നതിനായി വന്‍ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. തൃപ്പൂണിത്തുറയില്‍ നടക്കുന്ന റോഡ് ഷോയോട് കൂടിയാണ് അമിത്ഷായുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നത്. തെയ്യം,​ സ്ത്രീകളുടെ ശിങ്കാരിമേളം,​ പഞ്ചവാദ്യം, കാവടി തുടങ്ങിവിവിധ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റോഡ്‌ഷോയാണ് സജ്ജമാക്കിയിരിക്കുന്നത്.

കാഞ്ഞിരപ്പള്ളിയിൽ 11.25ന് എത്തുന്ന ആഭ്യന്തര മന്ത്രി 11.45 മുതൽ പൊൻകുന്നം ശ്രേയസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജ് മൈതാനത്തു നടക്കുന്ന പ്രചാരണ പൊതുയോഗത്തിൽ പ്രസംഗിക്കും. മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എപിയാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി. ഉച്ചഭക്ഷണത്തിനുശേഷം ഉച്ചയ്ക്കു 1.40നു കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ചാത്തന്നൂരിലേക്കും പോകും. 2.30ന് അദ്ദേഹം പുറ്റിങ്ങല്‍ ദേവീക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും.

4.35നു പാലക്കാട് ജില്ലയിൽ മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ടെത്തും. 4.55നു കഞ്ചിക്കോട് മുതൽ സത്രപ്പടിവരെ റോഡ് ഷോ. പാലക്കാട്ട് ഇ.ശ്രീധരനും മലമ്പുഴയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറുമാണ് എൻഡിഎ സ്ഥാനാർഥികൾ. 5.45ന് അമിത് ഷാ കോയമ്പത്തൂരിലേക്കു പോകും. ചൊവ്വാഴ്ച കേരളത്തില്‍ എത്തിയതിന് പിന്നാലെ എറണാകുളം തൃശ്ശൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവര്‍ത്തകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച നടത്തി.

Exit mobile version