ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ് കലക്ട്രേറ്റിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ധര്‍മ്മടത്ത് വാളയാര്‍ സമരസമിതിയുടെ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുക. വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 26 മുതല്‍ സത്യാഗ്രഹം നടത്തുകയാണ് കുട്ടികളുടെ അമ്മ.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് പൊലീസിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ തലമുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്കിറങ്ങുമെന്ന് ഇവര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പാലക്കാട് സമരപ്പന്തലില്‍ വച്ച് ഇവര്‍ തലമുണ്ഡനം ചെയ്തിരുന്നു. തന്റെ കുഞ്ഞുങ്ങള്‍ക്ക് മരണ ശേഷവും സര്‍ക്കാര്‍ നീതി നിഷേധിക്കുകയാണെന്നും ഇവര്‍ പറഞ്ഞിരുന്നു. 13ഉം 9ഉം വയസ്സുള്ള സഹോദരിമാരെ വാളയാറിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് 2017ലാണ്.
അതെ സമയം ധര്‍മ്മടം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സി രഘുനാഥ് മത്സരിക്കും. ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് കണ്ണൂര്‍ എം.പി കെ സുധാകരന് വ്യക്തമാക്കിയതിന് പിന്നാലെയാണ് സി രഘുനാഥ് മത്സരരംഗത്തേക്കിറങ്ങിയത്. നേരത്തെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മക്ക് യുഡിഎഫ് പിന്തുണ നല്‍കുന്നത് പരിഗണിച്ചിരുന്നെങ്കിലും പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ആലോചന പാതിവഴിയില്‍ ഉപേക്ഷിക്കുകയാണുണ്ടായത്. മുതിര്‍ന്ന ബി.ജെ.പി നേതാവ് സി.കെ പത്മനാഭനാണ് ധര്‍മ്മടത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.
2016ല്‍ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിണറായി വിജയന് ധര്‍മ്മടത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പിണറായി 87,329 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മമ്പറം ദിവാകരന് 50,424 വോട്ടുകളുമാണ് നേടിയത്. ബിജെപി സ്ഥാനാര്‍ത്ഥി മോഹനന് മനന്തേരിയ്ക്ക് 12,763 പേര് വോട്ട് ചെയ്തു.