Site icon Ente Koratty

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് മേയ് ആദ്യം നടക്കുമെന്ന് ടിക്കാറാം മീണ

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് മേയ് ആദ്യം നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. രണ്ട് ഘട്ടമായിട്ടായിരിക്കും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. മേയ് 31 നകം ഫലം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ തവണത്തേക്കാള്‍ 15000ത്തോളം പോളിംങ് സ്റ്റേഷനുകള്‍ അധികമുണ്ടാകും. ഒറ്റഘട്ടമായി നടത്തിയാല്‍ ഉദ്യോഗസ്ഥ വിന്യാസം ബുദ്ധിമുട്ടുണ്ടാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

നിലവിലെ സാഹചര്യത്തില്‍ ലോക്‍നാഥ് ബെഹ്റയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റേണ്ടതിലെന്നും മീണ പറഞ്ഞു. കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലവിലെ ഉത്തരവ് പ്രകാരം പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ബഹ്റയെ മാറ്റേണ്ടതില്ല. കേന്ദ്ര നിര്‍ദ്ദേശ പ്രകാരം ഒരേ തസ്തികയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഐജി വരെയുള്ള ഉദ്യോഗസ്ഥരെ മാറ്റിയാല്‍ മതി. അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മീണ മീഡിയവണ്ണിനോട് പറഞ്ഞു.

കോവിഡ് രോഗികള്‍ പോസ്റ്റല്‍ വോട്ട് ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. അന്തിമ വോട്ടർ പട്ടിക ജനുവരി ആദ്യം പ്രസിദ്ധീകരിക്കും. ഡിസംബർ 31 ന് ശേഷം അപേക്ഷ നല്‍കുന്നവർക്ക് വേണ്ടി സപ്ലിമെന്‍ററി പട്ടിക പിന്നീട് പ്രസിദ്ധീകരിക്കുമെന്നും മീണ പറഞ്ഞു.

Exit mobile version