തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടത് മുന്നേറ്റം. 514 പഞ്ചായത്തുകളിൽ എൽഡിഎഫ് ലീഡ് ചെയ്യുകയാണ്. 377 പഞ്ചായത്തുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ബിജെപി 22 പഞ്ചായത്തുകളിലും മുന്നിട്ട് നില്ക്കുന്നു. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിലും എൽഡിഎഫ് മുന്നേറുന്നു. 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടത്ത് എല്‍ഡിഎഫും മൂന്നിടത്ത് യുഡിഎഫും മുന്നേറുന്നു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോർപ്പറേഷനുകളിൽ എൽഡിഎഫ് വിജയിച്ചു. ആറില്‍ അഞ്ച് കോര്‍പറേഷനിലും എല്‍ഡിഎഫ് മുന്നേറുമ്പോള്‍ യുഡിഎഫിന് ഒരിടത്താണ് മേല്‍ക്കൈ.
കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് ഭരണം നിലനിർത്തി. മുനിസിപ്പാലിറ്റികളിൽ മാത്രമാണ് യുഡിഎഫിന് നേട്ടമുണ്ടാക്കാനായത്. 45 മുനിസിപ്പാലിറ്റികളില്‍ യുഡിഎഫും 35 ഇടങ്ങളില്‍ എല്‍ഡിഎഫും രണ്ട് ഇടങ്ങളില്‍ ബിജെപിയും ലീഡ് ചെയ്യുകയാണ്. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തോടെ കോട്ടയം, ഇടുക്കി ജില്ലകളിൽ എൽഡിഎഫ് നേട്ടമുണ്ടാക്കി. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയാണ് ഇടത് മുന്നണിയുടെ വിജയമെന്ന് സി പിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കോട്ടം സംഭവിച്ചിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഐക്യ ജനാധിപത്യ മുന്നണിയെ പിന്തുണച്ച എല്ലാ വോട്ടര്‍മാര്‍ക്കും മുല്ലപ്പള്ളി രാമചന്ദ്രന് നന്ദി അറിയിച്ചു. തെരഞ്ഞെടുപ്പ് വിധി കോണ്‍ഗ്രസിനും യുഡിഎഫിനും എതിരാണെന്ന പ്രചരണം ശരിയല്ല. യുഡിഎഫിന്റെ അടിത്തറക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. 2015ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ മേഘലയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടുണ്ട്. നാളെ പൊളിറ്റിക്കല്‍ അഫയേഴ്സ് മീറ്റിങ് കൂടി തെറ്റുകുറ്റങ്ങള്‍ പരിശോധിക്കുമെന്നും യു.ഡി.എഫ് പറഞ്ഞു.