തിരുവനന്തപുരം: കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്കും നിയന്ത്രണങ്ങൾ ഉണ്ട്. ആൾക്കൂട്ടം കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നതിനാൽ ആൾക്കൂട്ടം ഒഴിവാക്കിയുള്ള ആഘോഷങ്ങൾക്കാണ് നിർദ്ദേശം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൾ നടത്തുമ്പോൾ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. 50ൽ കൂടുതൽ പേർ പങ്കെടുക്കുന്ന ഒരു ആഘോഷ പരിപാടിയും പാടില്ല. ജാഥകളും വാഹന റാലികളും പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളും ഒഴിവാക്കണമെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥരുടെയും, രാഷ്ട്രീയ പാർട്ടികളുടെയും യോഗ ശേഷമാണ് തീരുമാനം അറിയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കാണിച്ച ശ്രദ്ധയും ജാഗ്രതയും വോട്ടെണ്ണൽ ദിനത്തിലും തുടരണമെന്ന് കളക്ടർ രാഷ്ട്രീയ കക്ഷി പ്രതിനിധികളോട് അഭ്യർഥിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു മുന്നിൽ ആൾക്കൂട്ടം ഒഴിവാക്കണം. വോട്ടെണ്ണലിനെത്തുന്ന സ്ഥാനാർഥികളും കൗണ്ടിങ് ഏജന്റുമാരും കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം.
സ്ഥാനാർഥിക്കും തെരഞ്ഞെടുപ്പ് ഏജന്റിനും പുറമേ ഒരു കൗണ്ടിങ് ഏജന്റിനെ മാത്രമേ വോട്ടെണ്ണലിന് ചുമതലപ്പെടുത്താനാവൂ. ഇവർക്ക് വോട്ടെണ്ണൽ കേന്ദ്രത്തിൽ കൈയുറ, മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്. കൗണ്ടിങ് ഓഫിസർമാരും കോവിഡ് പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കണം സാമൂഹിക അകലം ഉറപ്പാക്കണം.
വിജയികളായവരെ അനുമോദിക്കുമ്പോഴും കോവിഡ് മാർഗനിർദേശം പാലിക്കാൻ ശ്രദ്ധിക്കണം. ഹാരം, നോട്ടുമാല, ബൊക്കെ, ഷാൾ എന്നിവ നൽകിയുള്ള സ്വീകരണ പരിപാടികൾ ഒഴിവാക്കണം. പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുംവിധം വാദ്യോപകരണങ്ങൾ, ഉച്ചഭാഷണി തുടങ്ങിയവ ഉപയോഗിച്ചുള്ള ആഹ്ലാദ പ്രകടനം നടത്തരുത്.
വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളെല്ലാം അണുവിമുക്തമാക്കി. സാമൂഹിക അകലം പാലിക്കത്തക്കവിധമാണ് എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കൗണ്ടിങ് ടേബിളുകൾ സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള പാസ് നിർബന്ധമാണ്.
വോട്ടെണ്ണൽ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, കൗണ്ടിങ് ഏജന്റുമാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള പാസ് മുഖേന മാത്രമാകും കൗണ്ടിങ് കേന്ദ്രങ്ങളിലേക്കു പ്രവേശനം. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളുടേയും പ്രധാന കവാടത്തിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ പാസുകൾ കർശനമായി പരിശോധിച്ച ശേഷമാകും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ആളുകളെ കടത്തിവിടുക.