Site icon Ente Koratty

ആദ്യഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിംഗ്; 72.67 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ ഔദ്യോഗിക സമയം പൂർത്തിയായി. 72.67 ശതമാനം പേരാണ് വോട്ട് ചെയ്തത്. രാവിലെ പല ബൂത്തുകളിലും നീണ്ട ക്യൂ പ്രകടമായിരുന്നു. ഉച്ചക്ക് ശേഷം പലയിടത്തും തിരക്ക് കുറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പോളിങ് നടന്നത്. വൈകിട്ട് ആറ് മണി വരെയായിരുന്നു പോളിങ്.

ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ വലിയ വിജയം തേടുമെന്ന് മന്ത്രിമാരായ ജെ മേഴ്സികുട്ടിയമ്മയും കടകംപള്ളി സുരേന്ദ്രനും എം എം മണിയും പ്രതികരിച്ചു. പരാജയം ഉറപ്പായതുകൊണ്ടാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് ഒളിച്ചോടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ഭരണ മാറ്റത്തിന്‍റെ തുടക്കമാകും ഈ തെരഞ്ഞെടുപ്പ്. യുഡിഎഫ് വന്‍വിജയം നേടും. അഴിമതി സര്‍ക്കാരിനെതിരെ ജനം വിധിയെഴുതും. കേരളത്തില്‍ ബിജെപിക്ക് ഒരിഞ്ച് സ്ഥലം പോലും ജനങ്ങള്‍ കൊടുക്കില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു. ബിജെപി മികച്ച വിജയം നേടുമെന്ന് കുമ്മനം രാജശേഖരനും, തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിക്കുമെന്ന് സുരേഷ് ഗോപിയും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അഞ്ച് ജില്ലകളിലായി 24,584 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 88,26,620 വോട്ടർമാർ ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തും. 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാ പഞ്ചായത്തുകളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.

Exit mobile version