മാറിമറിഞ്ഞ ലീഡ് നിലകള്‍ക്കൊടുവില്‍ ബിഹാറില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 123 മണ്ഡലങ്ങളില്‍ എന്‍ഡിഎയും 114 മണ്ഡലങ്ങളില്‍ മഹാസഖ്യവും മുന്നേറുന്നു. ഒവൈസിയുടെ പാര്‍ട്ടിയുടെ അഞ്ച് സീറ്റുകളിലെ മുന്നേറ്റം മഹാസഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിച്ചു. ചിരാഗ് പാസ്വാന്റെ എല്‍ജെപി ഒരിടത്തും നേട്ടമുണ്ടാക്കിയില്ല.
എന്നാല്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ നിതീഷ് കുമാര്‍ ശ്രമിക്കുന്നുവെന്ന് ആര്‍ജെഡി കുറ്റപ്പെടുത്തി. ജയിച്ച 119 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിടുമെന്നും ആര്‍ജെഡി നേതാക്കള്‍ അറിയിച്ചു. പരാതികളുമായി തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ആര്‍ജെഡിയും കോണ്‍ഗ്രസും. മൂന്ന് സീറ്റുകളില്‍ വീണ്ടും വോട്ടെണ്ണമെന്ന് സിപിഐഎംഎല്‍ ആവശ്യപ്പെട്ടു. പിന്തുണയുടെയുടെ കാര്യം
ഫലപ്രഖ്യാപനത്തിന് ശേഷം തീരുമാനിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസി അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. മത്സരിച്ച 70 സീറ്റുകളില്‍ 19 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലീഡ് നേടാനായത്. എന്നാല്‍ ഇടതുപാര്‍ട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. സിപിഐഎംഎല്‍ പന്ത്രണ്ടിടത്ത് മുന്നിലാണ്. സിപിഐഎം മൂന്നിടത്തും സിപിഐ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ മഹാസഖ്യമായിരുന്നു മുന്നില്‍. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം എന്‍ഡിഎ ലീഡ് ഉയര്‍ത്തുകയായിരുന്നു. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിക്കാണ് മുന്നേറ്റം. അതേസമയം, ബിഹാറില്‍ അന്തിമ തെരഞ്ഞെടുപ്പ് ഫലം വരാന്‍ അര്‍ധരാത്രി വരെ കാത്തിരിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.