Site icon Ente Koratty

19 സീറ്റുകളിൽ ഇടതു പക്ഷം മുന്നിൽ; ബിഹാറിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ സ്വഭാവമാറ്റ സൂചന

ബിഹാർ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റവുമായി ഇടതുപക്ഷ പാർട്ടികൾ. മത്സരിക്കുന്ന 29 സീറ്റുകളിൽ 19ഇലും ഇടതുപക്ഷം മുന്നിട്ടുനിൽക്കുകയാണ്.

കഴിഞ്ഞ തവണ മൂന്ന് സീറ്റ് മാത്രം ലഭിച്ചയിടത്തു നിന്നാണ് ഇത്തവണ 19 സീറ്റുകളിൽ ഇടതുപാർട്ടികൾ ലീഡ് ചെയ്യുന്നതെന്ന വസ്തുത ബിഹാറിലെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ സ്വഭാവമാറ്റ സൂചനയായാണ് വിലയിരുത്തുന്നത്.

മുൻപ് മഹാസഖ്യത്തിൽ ചേരാതിരുന്ന ഇടതുപക്ഷ നിലപാട് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത്തവണ ആർ.ജെ.ഡിയും കോൺഗ്രസും മുഖ്യ കക്ഷികളായ മഹാസഖ്യത്തിന്റെ ഭാഗമായതോടെ, ഇടതുപക്ഷത്തിന് കൂടുതൽ ജനപിന്തുണ ലഭിക്കുന്നുവെന്നതും മികച്ച രാഷ്ട്രീയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

സി.പി.ഐ.എം.എല്‍ (ലിബറേഷന്‍) 19 സീറ്റുകളിലും സി.പി.ഐ.എം നാല് സീറ്റുകളിലും സി.പി.ഐ ആറ് സീറ്റുകളിലുമാണ് ഇത്തവണ മത്സരിക്കുന്നത്. ആദ്യ ഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ സി.പി.ഐ.എം.എല്‍ ലിബറേഷന്‍ 13 സീറ്റുകളിലും സി.പി.ഐ.എമ്മും സി.പി.ഐയും മൂന്ന് വീതം സീറ്റുകളിലാണ് മുന്നേറുന്നത്.

2015 തെരഞ്ഞെടുപ്പിൽ സി.പി.ഐ 91 സീറ്റുകളിലും സി.പി.ഐ.എം.എല്‍ 98 സീറ്റുകളിലും സി.പി.ഐ.എം 38 സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്.

91 സീറ്റുകളില്‍ മത്സരിച്ച സി.പി.ഐക്ക് ഒരു സീറ്റും കിട്ടിയില്ലെന്ന് മാത്രമല്ല, ഉണ്ടായിരുന്ന സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുകയും ചെയ്തിരുന്നു. സി.പി.ഐ.എം.എല്‍ മത്സരിച്ച 38 സീറ്റുകളില്‍ മൂന്ന് സീറ്റുകളിൽ മാത്രമാണ് അവര്‍ക്ക് വിജയിക്കാനായത്. സി.പി.ഐ.എമ്മിനാവട്ടെ ഒരു സീറ്റു പോലും ലഭിച്ചില്ല.

സി.പി.എം.എലിന് ലഭിച്ച മൂന്ന് സീറ്റ് മാത്രമായിരുന്നു അന്ന് ഇടതുപക്ഷത്തിന്റെ ആകെ സമ്പാദ്യം. 90 സീറ്റുകളിൽ കുറയാതെ മത്സരിച്ച സമയത്ത് മൂന്ന് സീറ്റുകൾ മാത്രം നേടിയിടത്ത് നിന്നാണ് 29 സീറ്റുകളിൽ മത്സരിച്ച് ഇടതുപക്ഷം ഇപ്പോൾ 19 സീറ്റുകളുടെ ലീഡ് നേടിയിരിക്കുന്നത്.

ബിഹാറിൽ 40 ശതമാനത്തോളം വോട്ടുകളെണ്ണിക്കഴിയുമ്പോൾ ബി.ജെ.പിയുടെ നേതൃത്വത്തില്‍ എൻ.ഡി.എ സഖ്യമാണ് മുന്നില്‍. 73 സീറ്റുകളില്‍ ബി.ജെ.പിക്ക് ലീഡുണ്ട്. നിതീഷ് കുമാറിന്‍റെ ജെ.ഡി.യു 49 സീറ്റുകളിൽ മുന്നിലാണ്.

മഹാസഖ്യത്തിലേക്ക് വരുമ്പോൾ തേജസ്വി യാദവിന്‍റെ ആര്‍.ജെ.ഡി 66 സീറ്റിലും കോൺഗ്രസ് 21സീറ്റിലും ലീഡ് ചെയുന്നുണ്ട്.

Exit mobile version