ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റണമെന്ന ആവശ്യവുമായി സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പ്രതിപക്ഷ നിലപാട് അറിയാന്‍ മുഖ്യമന്ത്രി രമേശ് ചെന്നിത്തലയുമായി ഫോണില്‍ സംസാരിച്ചു. ഉപതെരഞ്ഞെടുപ്പ് മാറ്റുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റണമെന്നാണ് പ്രതിപക്ഷ നിലപാട്.
കോവിഡ് രോഗബാധ രൂക്ഷമായിരിക്കെ നാല് മാസത്തേക്ക് വേണ്ടി മാത്രം കോടികള്‍ ചെലവാക്കി തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. അതിനോട് യോജിപ്പാണെങ്കിലും പരസ്യമായി ഇക്കാര്യം പറയുന്നതില്‍ ഭരണ പ്രതിപക്ഷ മുന്നണികള്‍ വിമുഖത കാട്ടുകയാണ്. പരാജയഭീതിയായി ഇത് വ്യാഖ്യാനിക്കുമോ എന്നാണ് ഇരു കൂട്ടരുടെയും ഭയം.
ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തത്. തെരഞ്ഞെടുപ്പ് മാറ്റാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതില്‍ പ്രതിപക്ഷ നിലപാട് അറിയാന്‍ മുഖ്യമന്ത്രി രമേശ് ചെന്നിത്തലയുമായി സംസാരിച്ചു. ഉപതെരഞ്ഞെടുപ്പ് മാറ്റുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എന്നാല്‍ രണ്ടിനേയും രണ്ടായി കാണണമെന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പ് മാറ്റുന്നതിലെ അഭിപ്രായ രൂപീകരണത്തിന് സര്‍വ്വകക്ഷി യോഗം വിളിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. ഏകാഭിപ്രായം ഉണ്ടായാല്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യം അറിയിക്കും.