Site icon Ente Koratty

സംസ്ഥാനത്ത് നാളെ മുതല്‍ പുതിയ അധ്യയനദിനം; പക്ഷേ, പഠനം ഓണ്‍ലൈന്‍

സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് നാളെ തുടക്കമാകും. ചരിത്രത്തിലാദ്യമായി സ്കൂളുകൾ തുറക്കാതെ ഓൺലൈനിലൂടെ യാണ് അധ്യയന വർഷം ആരംഭിക്കുക. കോവിഡിന്‍റെയും ലോക്ക്ഡൌണിന്‍റെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒരുക്കുന്നത്.

സ്കൂള്‍ തുറക്കുമ്പോഴുള്ള സ്ഥിരം കാഴ്ചകളാണ് പ്രവേശനോത്സവവും കുട്ടികളുടെ കളിചിരികളും കരച്ചിലുമെല്ലാം. എന്നാല്‍ ഇത്തവണ ഇതൊന്നുമില്ല. കുട ചൂടി കുട്ടികൾ സ്കൂളുകളിലേക്കെത്തില്ല. വീടാണ് ക്ലാസ് മുറി. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ കുട്ടികളെ വീട്ടിലിരുത്തി ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ അധ്യയന വർഷത്തിന് നാളെ തുടക്കമാകും.

ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്സ് ചാനലിലൂടെയാണ് ക്ലാസുകള്‍. രാവിലെ എട്ടര മുതല്‍ വൈകീട്ട് 5.30 വരെ ക്ലാസ് നടക്കും. ഓണ്‍ലൈന്‍ ക്ലാസിന് പുറമേ അധ്യാപകര്‍ ഫോണിലൂടെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പഠനം ശ്രദ്ധിക്കും. രാവിവെ 8.30 മുതല്‍ 10.30 വരെയുള്ള ആദ്യ ക്ലാസ് പ്ലസ്‍ടുകാര്‍ക്കാണ്. 10.30 മുതല്‍ 11 വരെ ഒന്നാംക്ലാസുകാര്‍ക്കും 11 മുതല്‍ 12.30 വരെ പത്താംക്ലാസുകര്‍ക്കുമുള്ള സമയമാണ്. ഒന്നുമുതല്‍ ഏഴുവരെ ഉള്ളവര്‍ക്ക് അരമണിക്കൂറാണ് ക്ലാസ്. ടി വിയോ ഓണ്‍ലൈന്‍ സംവിധാനമോ ഇല്ലാത്തയിടങ്ങളിൽ പിടിഎയുടെയും കുടുംബശ്രീയുടെയോ സഹായത്തോടെ മറ്റു സംവിധാനമൊരുക്കും. ക്ലാസുകളുടെ പുനഃസംപ്രേഷണവും ഉണ്ടാകും.

ഓണ്‍ലൈന്‍ അധ്യയനത്തിന് വിദ്യാഭ്യാസവകുപ്പ് സജ്ജമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കാത്ത ഇടങ്ങളില്‍ ബദല്‍ ക്രമീകരണം നടത്തുമെന്നും ജീവന്‍ ബാബു മീഡിയവണിനോട് പറഞ്ഞു.

അധ്യയന രീതി ഓണ്‍ലൈനിലേക്ക് മാറ്റുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് ടിവിയും സ്മാര്‍ട്ഫോണുമൊന്നുമില്ലാത്ത വിദ്യാര്‍ത്ഥികളാണ്. ആകെ വിദ്യാര്‍ത്ഥികളില്‍ നാലു ശതമാനം പേര്‍ക്ക് ഇന്‍റര്‍നെറ്റ് സൌകര്യമില്ല. രണ്ട് ശതമാനം കുട്ടികളുടെ വീട്ടില്‍ ടെലിവിഷനുമില്ലെന്നാണ് കണക്ക്. മാതാപിതാക്കള്‍ക്ക് സ്മാര്‍ട്ഫോണുകള്‍ ഉണ്ടെങ്കിലും നെറ്റ് കണക്ഷന്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ഇത്തരം പ്രശ്നങ്ങള്‍ കണക്കിലെടുത്ത് മറ്റ് സംവിധാനങ്ങള്‍ ഒരുക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വായനശാലകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ വിദ്യാര്‍ത്ഥികളിലേക്കും എത്തിക്കാനാണ് ശ്രമം. ആദ്യ ആഴ്ചയിലെ ഓൺലൈൻ ക്ലാസുകൾ വിലയിരുത്തിയ ശേഷം മെച്ചപ്പെടുത്താനാണ് തീരുമാനം.

സംസ്ഥാനത്തെ കോളേജുകളിലും നാളെ ഓൺലൈൻ ക്ലാസ്സുകള്‍ ആരംഭിക്കും. സൂം ആപ്ലിക്കേഷൻ ഉൾപ്പെടെ ഓൺലൈൻ കോൺഫറൻസ് പ്ലാറ്റ്ഫോമുകൾ ആണ് ക്ലാസ്സുകൾക്കായി ഉപയോഗിക്കുക. കോളജ് അധ്യാപകർക്ക് കോളേജിൽ എത്തിയോ വീടുകളിൽ നിന്നോ ക്ലാസെടുക്കാം. രാവിലെ 8. 30 മുതൽ ഉച്ചയ്ക്ക് 1 .30 വരെയാണ് കോളേജ് ക്ലാസുകൾ. വിക്ടേഴ്സ് വഴി പഠനക്ലാസുകൾ സംപ്രേഷണം ചെയ്യുന്ന കാര്യവും ആലോചിച്ച് വരികയാണ്.

അതിനിടെ സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം നാളെ പുനരാരംഭിക്കും. ലോക്ക്ഡൗണിൽ മൂല്യനിർണയം ആരംഭിച്ചിരുന്നെങ്കിലും പൂർത്തിയായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മൂന്ന് പരീക്ഷകളുടെ മൂല്യനിർണയം കൂടി ഇതോടൊപ്പം നടത്തും. പരീക്ഷ എഴുതാൻ കഴിയാതിരുന്ന 338 പേർക്ക് സേ പരീക്ഷക്കൊപ്പം പരീക്ഷ എഴുതാൻ അവസരം നൽകും. 4,24,450 പേർ പരീക്ഷ എഴുതേണ്ട. എസ്എസ്എൽസി യിൽ 99.92 ശതമാനം പേരും പരീക്ഷ എഴുതിയത് വലിയ വിജയമായാണ് വിദ്യാഭ്യാസ വകുപ്പ് കണക്കാക്കുന്നത്.

Exit mobile version