ജൂൺ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കുന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ. എസ്എസ്എൽസി ഹയർസെക്കണ്ടറി പരീക്ഷകളും മൂല്യനിർണയവും പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്. ഓൺലൈനായി ഇത് പൂർത്തീകരിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു മീഡിയാ വണിനോട് പറഞ്ഞു.
പരീക്ഷകളും മൂല്യനിർണയവും ഓൺലൈനാക്കാൻ ശ്രമിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം പരിശോധിച്ച വിദ്യാഭ്യാസ വകുപ്പ് പ്രായോഗിക ബുദ്ധിമുട്ടിൽ ഉടക്കി നിൽകുകയാണ്. എസ്എസ്എൽസി മാത്രം ഒൻപത് വിഷയങ്ങളിലായി നാൽപത് ലക്ഷം പേപ്പറുകൾ. എഴുതിയ അധിക പേപ്പറുകൾ അടക്കം ഇത് കോടികൾ വരും. ഇതിത്രയും സ്കാൻ ചെയ്ത് ഓൺലൈൻ സംവിധാനത്തിലേക്ക് കൊണ്ടുവരിക ഏറെ പ്രയാസകരമാണ്.
പരീക്ഷ പൂർത്തിയാക്കാതെ സ്കൂൾ എങ്ങനെ തുറക്കുമെന്ന കാര്യത്തിലുള്ള ആശങ്കയും പൊതുവിദ്യാഭ്യാസ ഡയറക്ടർ പങ്കുവെക്കുന്നു. അതുകൊണ്ടുതന്നെ ലോക്ക്ഡൌണിൽ ഇളവ് ലഭിച്ചാൽ എങ്ങനെ പരീക്ഷകളും മൂല്യനിർണയവും നടത്താനാവുമെന്ന് സംബന്ധിച്ച ചില നിർദ്ദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് സർക്കാരിന് നൽകിയിട്ടുണ്ട്. ലോക്ക്ഡൌൺ തീരുന്നതിനനുസരിച്ച് മാത്രം അന്തിമ തീരുമാനമെടുത്താൽ മതിയെന്നാണ് സർക്കാരിൽ നിന്ന് ലഭിച്ച നിർദ്ദേശം.