കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രൈമറി- അപ്പര്‍ പ്രൈമറി കുട്ടികള്‍ക്ക് അവധി നല്കാന് തീരുമാനിച്ചിരുന്നു. എന്നാല്‍ അധ്യാപകര്‍ സ്കൂളിലെത്തി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. ഈ സാഹചര്യത്തില്‍ പ്രൈമറി- അപ്പര്പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായിരിക്കുന്നു. എന്നാല്‍ ഈ പരിശീലനത്തിന് ഒരു പ്രത്യേകതയുണ്ട് ,പൂര്‍ണ്ണമായും ഓണ്‍ലൈനിലാണ് പരിശീലനം . അധ്യാപകര്‍ കൂട്ടമായി ഒരു കേന്ദ്രത്തിലേക്ക് എത്തുന്നത് കോവിഡ് -19 കാലത്ത് ഒഴിവാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പ്, കൈറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമഗ്ര പോര്‍ട്ടലിലൂടെയാണ് ഓണ്‍ലൈന്‍ പരിശീലന പരിപാടി.11,274 സ്കൂളുകള്‍ കേന്ദ്രീകരിച്ച് എണ്‍പത്തി ഒന്നായിരം അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നതാണ് പദ്ധതി. ഇതിനോടകം അറുപതിനായിരത്തോളം അധ്യാപകര്‍ ഓണ്‍ലൈന്‍ പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഹൈടെക് ക്ലാസ് റൂം പദ്ധതിയുടെ ഭാഗമായി പ്രൈമറി- അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ കൈറ്റ് , 57843 ലാപ് ടോപ്പുകളും 25011 പ്രൊജക്ടറുകളും വിതരണം ചെയ്തിരുന്നു. ഇവ ഉപയോഗപ്പെടുത്തിയാണ് പരിശീലനം നടക്കുന്നത്.