Site icon Ente Koratty

പരീക്ഷകൾക്ക് മുമ്പ് വിദ്യാർത്ഥികൾക്ക് വാക്സിൻ ലഭ്യമാക്കണം: എം.എസ്.എഫ്

തൃശൂർ: കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ മുന്നൊരുക്കങ്ങൾ നടത്തി വരികയാണ്.

രാജ്യത്തെ കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പടെ മുഴുവൻ സംസ്ഥാനങ്ങളോടും പരീക്ഷ നടത്തിപ്പുമായി ബന്ധപെട്ട്‌ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിൽ പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വാക്‌സിനേഷൻ നൽകിയതിന് ശേഷം മാത്രമേ പരീക്ഷകൾ നടത്താവൂ എന്ന് എം.എസ്.എഫ് തൃശൂർ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ജൂണിൽ നടക്കാനിരിക്കുന്ന കേരള ഹയർ സെക്കന്ററി പ്രാക്ടിക്കൽ പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കും വാക്സിൻ ഉറപ്പാക്കണം.

വാക്സിനേഷൻ നൽകുകയും
സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുകയും ചെയ്‌താൽ മാത്രമേ ഭയരഹിതമായി, ആത്മവിശ്വാസത്തോടെ വിദ്യാർത്ഥികൾക്ക് പരീക്ഷയെ നേരിടാൻ കഴിയുകയുള്ളൂ.

ജൂൺ ഒന്നിന് ഔദ്യോഗിക തീരുമാനം വരാനിരിക്കെ ഇക്കാര്യത്തിൽ അടിയന്തിര തീരുമാനം എടുക്കണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്‌ എസ്.എ അൽറെസിൻ,
ജനറൽ സെക്രെട്ടറി ആരിഫ് പാലയൂർ എന്നിവർ ആവശ്യപ്പെട്ടു.

Exit mobile version