വനിത-ശിശു വികസന വകുപ്പ് വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന പടവുകൾ പദ്ധതി വഴി നാല് വിദ്യാർത്ഥികൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ചു. വിധവകളുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്സുകൾ പഠിക്കാൻ വനിത-ശിശു വികസന വകുപ്പ് നൽകുന്ന ധനസഹായ പദ്ധതിയാണ് പടവുകൾ. പദ്ധതി പുനക്രമീകരിച്ചതോടെ അംഗീകൃത കോളേജിൽ പഠിക്കുന്നവർക്കും സ്വാശ്രയ കോളേജുകളിൽ മെറിറ്റോടെ പഠിക്കുന്നവർക്കും ധനസഹായത്തിനായി അപേക്ഷിക്കാം. ബിടെക്, ബി ഫാം, ബി എഡ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന നാല് വിദ്യാർത്ഥികളാണ് ഇത്തവണ പടവുകൾ ധനസഹായത്തിന് അപേക്ഷിച്ചത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന കമ്മിറ്റിയിൽ എഡിഎം റെജി പി ജോസഫ്, വനിതാ ശിശു വികസന ഓഫീസർ എസ് സുലക്ഷണ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ മെഡിക്കൽ ഓഫീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.