Site icon Ente Koratty

സെപ്തംബർ 21 മുതൽ സ്കൂളുകൾ ഭാഗികമായി തുറക്കാം

ന്യൂഡൽഹി: രാജ്യത്ത് അധ്യയനം ഭാഗികമായി പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി സ്കൂളുകൾ തുറക്കുന്നതിനുള്ള മാർഗനിര്‍ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കി. സെപ്തംബർ 21 മുതൽ സ്കൂളുകളിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് വോളന്ററി അടിസ്ഥാനത്തിൽ  തുറക്കാമെന്നാണ് നിർദേശം.

ഘട്ടം ഘട്ടമായുള്ള അൺലോക്ക് പ്രവർത്തനങ്ങൾ സർക്കാർ തുടർന്നു കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ, ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ അദ്ധ്യാപകരുടെ മാർഗനിർദ്ദേശം സ്വീകരിക്കുന്നതിന് വോളന്ററി അടിസ്ഥാനത്തിൽ  സ്കൂളുകളിലെ പ്രവർത്തനങ്ങൾ ഭാഗികമായി പുനരാരംഭിക്കുന്നതും ഇതിൽ ഉൾപ്പെടും. 2020 സെപ്തംബർ 21 മുതൽ ഇത് അനുവദിക്കും.

മുൻകരുതൽ നടപടികളുടെ ഭാഗമായി അധ്യാപകരും ജോലിക്കാരും വിദ്യാർത്ഥികളും കുറഞ്ഞത് ആറടി ശാരീരിക അകലം ഉറപ്പാക്കണം, മാസ്ക് ധരിക്കണം, ഇടയ്ക്കിടെ കൈകഴുകണം, ശ്വസന മര്യാദകൾ പാലിക്കണം, ആരോഗ്യം സ്വയം നിരീക്ഷിക്കുക, തുപ്പരുത്.

ഓൺ‌ലൈൻ , വിദൂര പഠനം തുടരുമെന്നും അത് പ്രോത്സാഹിപ്പിക്കണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.  കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ള സ്കൂളുകൾ മാത്രമേ തുറക്കാൻ അനുവാദമുള്ളൂ.

കൂടാതെ, കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും സ്കൂളുകളിലേക്ക് വരാൻ അനുവാദമില്ല. വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ സന്ദർശിക്കരുതെന്നും നിർദേശത്തിലുണ്ട്.

സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് സാനിറ്റൈസ് ചെയ്യണമെന്നും നിർദേശമുണ്ട്. ക്വാറന്റീൻ കേന്ദ്രങ്ങളായിരുന്ന സ്കൂളുകൾ കൃത്യമായ രീതിയിൽ സാനിറ്റൈസ് ചെയ്യണമെന്നും വ്യക്തമാക്കുന്നു. അസംബ്ലി, സ്പോർട്സ് എന്നിവ കർശനമായി വിലക്കിയിട്ടുണ്ട്.

FacebookTwitterWhatsAppLinkedInShare
Exit mobile version