Site icon Ente Koratty

സിബിഎസ്ഇ പത്താം ക്ലാസ്, 12ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലേക്കുള്ള ശേഷിക്കുന്ന പരീക്ഷകൾ റദ്ദാക്കി. ജൂലൈ ഒന്നുമുതൽ 15വരെ നടത്താനിരുന്ന പരീക്ഷകളാണ് റദ്ദാക്കിയത്. സുപ്രീം കോടതിയെ കേന്ദ്ര സർക്കാരും സിബിഎസ്ഇയുമാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രക്ഷിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകളുടെ തീരുമാനവും ഇന്നുണ്ടാകാനാണ് സാധ്യത. ജെഇഇ, നീറ്റ് പ്രവേശന പരീക്ഷകളിലും നേരിയ മാറ്റമുണ്ടായേക്കും

സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത്തയാണ് കേന്ദ്ര സർക്കാരിനും ബോർഡിനും വേണ്ടി ഹാജരായത്. ഇന്ന് വൈകുന്നേരത്തോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. രക്ഷിതാക്കൾക്ക് വേണ്ടി റിഷി മൽഹോത്രയാണ് ഹാജരായത്. കൊറോണ വ്യാപനം ശക്തിയായി തുടരുന്ന സാഹചര്യത്തിൽ പരീക്ഷക്ക് ഹാജരാകുന്നത് കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

രാജ്യത്തിന് പുറത്തുള്ള സ്കൂളുകളിൽ സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയ കാര്യം രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. പ്രാക്ടിക്കൽ പരീക്ഷയുടെയോ ഇന്റേണൽ അസസ്മെന്റിന്റെയോ അടിസ്ഥാനത്തിൽ മാർക്ക് നൽകാനാണ് സിബിഎസ്ഇ ഇവിടെ തീരുമാനിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Exit mobile version