Site icon Ente Koratty

“തല വെട്ട്, കാലും കൈയ്യും ഒരുമിച്ച് വെട്ട്….. “

അബ്ദുസ്സത്താർ.വി.പി – മാനന്തവാടി

” തല വെട്ട്,
കാലും കൈയ്യും
ഒരുമിച്ച് വെട്ട്….. “

ഇത് “അക്കരെയക്കരെയക്കരെ ” എന്ന സിനിമയിൽ നെടുമുടി വേണു പറയുന്നതും ,ലാലും ശ്രീനിയും മാറി നിന്നു കേൾക്കുന്നതുമായ ഒരു കോമഡി സീനാണ്…

എന്നാൽ ഇന്ന് നമ്മുടെ കടകളുടെ തിണ്ണകളിലും, വീടുകളുടെ ബാൽക്കണികളിലും, അടച്ചിട്ട മുറികളിൽ നിന്നും , വിജനമായ വഴികളിൽ നിന്നുമൊക്കെ കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണിത്!! പറഞ്ഞു വരുന്നത് ന്യുജൻ വീഡിയോ ഗെയിമുകളെ പറ്റിയാണ് വിശിഷ്യ “പബ്ജി ” എന്ന ഓൺലൈൻ ഗെയ്മിനെ പറ്റി,,!

ഇന്നലെ എന്റെ മകനോട് അവൻ കളിച്ച ഗെയ്മിനെ പറ്റി ചോദിച്ചപ്പോൾ അവൻ പറഞ്ഞതിപ്രകാരമാണ്. 99 ആളുകളെ കൊന്നാലേ കളി ജയിക്കു എന്ന്,,,, ഞാൻ തോറ്റു,, എനിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നുന്ന്. ഉപ്പച്ചീ,,അടുത്ത തവണ ഞാൻ മുഴവൻ പേരേയും കൊല്ലും,,,അതൊക്കെ ഞാൻ പഠിച്ചു വരുന്നു. പുതിയ ടൂൾസ്കൾ കണ്ടു വെച്ചിട്ടുണ്ടെന്ന്..!

നമ്മുടെ കുട്ടികൾ ഇപ്പോൾ വെർച്ചൽ ലോകത്തിന് അടിപ്പെട്ടിരിക്കുന്നുവോ?,, കൊലപാതകവും, കൊള്ളയും, തീവെപ്പും, നിശാ ക്ലബ്ബുകളുമൊക്കെ നിറഞ്ഞാടുന്ന വയലൻസ് ഓറിയന്റ് ആയ വീഡിയോ ഗെയ്മുകളാണ് നമ്മുടെ മക്കൾക്കേറ്റവും ഇഷ്ടവും അഡിക്ഷനും. ഇത്തരത്തിലുള്ള ഗെയ്മുകളിൽ പ്രധാനികൾ പബ്ജി, ക്യാൻഡി ക്രഷ്’ മിനി മിൾട്ടി, മാഡ് വേൾഡ്, മോർട്ടൽ കോമ്പാറ്റ്, ഡെഡ് സ്പേസ്, ഫ്രീ ഫയർ തുടങ്ങി ലക്ഷക്കണക്കായ ഗെയ്മുകൾ നെറ്റിൽ ലഭ്യമാണ്.ഇവയിലെല്ലാം നിർദാക്ഷീണ്യവും, ക്രൂരവുമായ അക്രമങ്ങളെയും, കൊലപാതകങ്ങളെയും ,ആന്റി സോഷ്യൽ ആക്റ്റിവിറ്റികളെയും മഹത്വവത്കരിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞ് മനസ്സുകളിൽ അക്രമത്തിൻെറയും ,പൈശാചികതയുടെയും വിഷ ബീജങ്ങൾ കുത്തിവെക്കപ്പെടുകയാണ്. അവരുടെ ക്രിയാത്മകത നഷ്ടപ്പെടുത്തുന്ന ഇത്തരം കളികളിലൂടെ ലഭിക്കുന്നു എന്ന് പറയുന്ന ഗുണങ്ങളേക്കാൾ ആയിരമിരട്ടി ദോഷങ്ങളാണ് ഉണ്ടാകുന്നത് എന്നതാണ് വാസ്തവം.

ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പ്ലയേർസ് ഉള്ളത് 2017ൽ സൗത്ത് കൊറിയയിലെ Blue Hole കമ്പനി വികസിപ്പിച്ചെടുത്ത PUBG [ Players Unknown Battle Grounds ] എന്ന മൾട്ടി പ്ലയർ ഓൺ ലൈൻ ഷൂട്ടർ ഗെയിമിനാണ്. ഗെയിമുണ്ടാക്കിയ കൊറിയയേ എഴാം സ്ഥാനത്താക്കി നമ്മുടെ ഇന്ത്യയാണ് പബ്ജി കളിക്കാരുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ളത്!!. നാലര കോടിക്കടുത്ത് ആക്റ്റിവ് യൂസേർസ് ഇപ്പോ ഇന്ത്യയിലുണ്ട്.അതിൽ നിത്യവും കളിക്കുന്നവർ 10-15 മില്യൺ വരും !! ഈ മില്യണിൽ നമ്മുടെ മക്കളെല്ലാം വരും. 12 മുതൽ 20 വയസ് വരേ പ്രായക്കാരായ ആൺകുട്ടികളിലാണ് ഇതിന്റെ അഡിക്ഷൻ കൂടുതൽ കാണുന്നത്.

2018 ൽ ലോകാരോഗ്യ സംഘടന ഗെയ്മുകളോടുള്ള ഈ ആസക്തിയെ “Gaming Disorder” എന്ന പേരിൽ വളരെ ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നമാക്കി പ്രഖ്യാപിക്കുകയുണ്ടായി. 2018 ൽ ചൈനയിലെ ഹൈമാൻ എന്ന നഗരത്തിൽ ഒരു കൗമാരക്കാരൻ 4 നില കെട്ടിടത്തിന്റെ മുകളിൽ നിന്നും അർധരാത്രി വീണ് മരണപ്പെട്ടതിന്റെ കാരണം ചികഞ്ഞപ്പോഴാണ് ലോകത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള പബ്ജി ഗെയിമിന്റെ അഡിക്ഷൻ ലോകം അറിയുന്നത്! മരണത്തിന്റെ സെക്കന്റുകൾക്ക് മുമ്പ് മരണപ്പെട്ട കുട്ടി തന്റെ ഐ ഫോണിൽ പബ്ജി കളിക്കുകയായിരുന്നു എന്നും ഗെയിമിൽ ബിൽഡിങ്ങുകളിൽ നിന്നും താഴേക്ക് ചാടിയാൽ രക്ഷിക്കുന്ന പല ക്യാരക്റ്റേഴ്സും ഉണ്ടായിരുന്നു എന്നതും !!

100 കളിക്കാരേ പങ്കെടുപ്പിച്ചു കളിക്കുന്ന ഈ ഗെയിമിന് കളിക്കാരുമായി ഒരേ സമയം സംസാരിക്കാമെന്നും, മൊബൈലിൽ ഈസിയായി എവിടെയിരുന്നും പങ്കെടുക്കാമെന്നും,ഗെയിമിന്റെ ഡിജിറ്റൽ സെറ്റിംഗ്സും, സ്റ്റയിലൻ ഗ്രാഫിക്സും, സൗണ്ടുമൊക്കെയുമാണ് ഇതിലേക്ക് യുവാക്കളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. സ്കോഡുകളായും സോളോ ആയും അജ്ഞാത ദ്വീപിലിറങ്ങി ഷൂട്ടിംഗ് നടത്തി മറ്റുള്ളവരേ പരമാവധി കൊന്നു തള്ളി സർവൈവ് ചെയ്തവനാണ് മഹാൻ,,, അവനാണ് വിജയി, ! അവനാണ് ചിക്കൻ ഡിന്നർ ലഭിക്കുന്നത്…

നമ്മുടെ യുവാക്കൾക്കിടയിൽ ഇന്ന് കാണുന്ന ഉറക്കമില്ലായ്മ, പെരുമാറ്റ ദൂഷ്യങ്ങൾ, സാമൂഹിക ജീവിതത്തിലെ പരാജയം, ഡിപ്രഷൻ, നിഷ്ക്രിയത,തെറ്റായ മൂല്യങ്ങൾ, പഠനത്തിലെ അശ്രദ്ധ, ഉൾവലിയൽ തുടങ്ങി ഇത്തരം ഗെയിമുകൾ കുട്ടികളിലും യുവാക്കളിലും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അതി സങ്കീർണ്ണമാണ്. ഒരു പാട് സമയം വേണ്ടി വരുന്ന ഇതിന് വേണ്ടി ദിവസങ്ങളോളം ഒരേ സ്ഥലത്ത് ഒരേ ഇരിപ്പ് തുടരുന്ന നമ്മുടെ മക്കൾ…! അവസാനം നിരാശരായി കുടുംബത്തോടും സമൂഹത്തോടും രാഷ്ട്രത്തോടുമൊന്നും പ്രതിബദ്ധതയില്ലാതെ ആന്റി സോഷ്യലുകളും ക്രിമിനലുകളുമായിത്തീരുന്നവർ”,,!!

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നമ്മുടെ കേരളത്തിലെ കോട്ടയത്ത് ഒരു വീട്ടമ്മയെ അതിദാരുണമായി കൊലപ്പെടുത്തിയ കേസ്സിലെ കുറ്റാരോപിതനായ ബിലാൽ എന്ന യുവാവിന്റെ പിതാവ് അവനെ പറ്റി പറഞ്ഞ കാര്യങ്ങൾ നമ്മളെല്ലാം ഞെട്ടലോടെയാണ് മനസ്സിലാക്കേണ്ടത്. ദിവസത്തിൽ ഭൂരിഭാഗം സമയവും അവൻ പബ്ജി പോലുള്ള കളികളിൽ ആയിരുന്നു എന്നതാണ്. കൊലപാതകത്തിന്റെ ‘മോഡസ് ഒപറാണ്ടിയും’ അതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.? പത്തനംതിട്ടയിൽ അടുത്തിടെ സുഹൃത്തുക്കൾ ചേർന്ന് മറ്റൊരു സുഹൃത്തിനെ കൊന്ന് കുഴിച്ചിട്ട സംഭവത്തിലും ഇതിന്റെ പങ്ക് സംശയിക്കപ്പെടുന്നു.2017 ൽ രാജ്യത്തെ ഞെട്ടിച്ച തിരുവനന്തപുരം നന്തങ്കോട്ട് സ്വന്തം അച്ചനെയും അമ്മയേയും പെങ്ങളെയും ബന്ധുവിനേയും ‘ആസ്ട്രൽ പ്രൊജക്ഷന് ‘ വേണ്ടി കൊലപ്പെടുത്തിയ കേഡൽ ജിൽസൻ രാജയും വെർച്ചൽ ലോകത്തിന് അടിമയായിരുന്നുവത്രേ,,,!ഇതിനു മുൻപും ഇന്ത്യയിൽ നിരവധി സംഭവങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. 2019 ൽ തെലങ്കാനയിൽ പബ്ജി കളിക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ പത്താം ക്ലാസ്സുകാരൻ ആത്മഹത്യ ചെയ്തതാണ് ഈ കളിയുമായി ബന്ധപ്പെട്ട ആദ്യ സംഭവം.!

ഇതൊരു വലിയ ലഹരിയാണ്. മദ്യത്തേയും മയക്ക് മരുന്നിനേയും പോലെ,,,,, അല്ലെങ്കിൽ അതുക്കും മേലെ,,, ഇക്കാര്യത്തിൽ നമ്മൾ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മൾ ഒരുപാട് സ്വപ്നം കാണുന്ന മക്കൾ നാളെ സൈക്കോകളും, ആന്റി സോഷ്യലുകളും, പക്കാ ക്രിമിനലുകളും ആകാൻ നാമാരെങ്കിലും കൊതിക്കുമോ,,,,? ഈ ലോക്ക് ഡൗൺ കാലഘട്ടം ഇത്തരം ഗെയിമുകളിൽ കൂടുതൽ കുട്ടികൾ ചേർന്നു എന്നതാണ് ഞെട്ടിക്കുന്ന സത്യം,,,,,, ഇതിന്റെ വിപത്ത് മനസ്സിലാക്കി നേപ്പാൾ, ഇറാൻ പോലുള്ള രാജ്യങ്ങൾ ഇതിന് വിലക്കേർപ്പെടുത്തി. നമുക്കും എന്തു കൊണ്ടായ്ക്കൂടാ,,,, അധികാരികൾ ഇക്കാര്യത്തിൽ ഗൗരവമായി ഇടപെടണം.മക്കൾക്ക് വിലയേറിയ ഫോണുകൾ മേടിച്ചു നൽകുകയും അവർ മൊബൈലിലും മറ്റും വീഡിയോ ഗെയിം കളിക്കുന്നത് അഭിമാനമായി കരുതുന്നവരും ഓർക്കുക,,,,,,

വീണ്ടും നെടുമുടി വേണു തന്നെ “നിങ്ങൾ പോകുന്നത് നാശത്തിലേക്കാണ് “

ഇത് ടൈപ്പ് ചെയ്യുമ്പോഴും അയൽപക്കത്തെ പയ്യൻ സിറ്റൗട്ടിൽ ഇരുന്നു എന്തോ പുലമ്പുന്നുണ്ട്.ഞാൻ ചെവി കൂർപ്പിച്ച് നോക്കി……..

” കൊല്ലടാ …. വെടിവെയ്ക്കടാ,,,, ഉന്നം തെറ്റാതെ വെക്കടാ,,, ഒരാളതാ പോകുന്നു,, അവനെ ശെരിയാക്കട”,,,,,

Exit mobile version