Site icon Ente Koratty

യോഗ – ഭാരതം ലോകത്തിന് നൽകിയ അമൂല്യമായ ജീവിത രീതി

ദേവദാസ് കടയ്ക്കവട്ടം

ജൂൺ 21- അന്താരാഷ്ട്ര യോഗദിനം. ലോകത്തിന് മുമ്പാകെ ഭാരതം നിർദ്ദേശിക്കുന്ന വിലമതിക്കാനാവാത്ത ജീവിതരീതിയാണ് യോഗ. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ യോഗയുടെ പ്രാധാന്യം അനുദിനം വർദ്ധിച്ചു വരികയാണ്. കോവിഡ് എന്ന മഹാമാരി ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന ഈ ആപത് സന്ധിയിൽ യോഗ പോലുള്ള ഭാരതീയമായ സാധനകളിലൂടെ മാത്രമേ മാനവരാശിക്ക് പിടിച്ചു നിൽക്കാനാവൂ എന്ന തിരിച്ചറിവിലാണ് ഇന്ന് ലോകം.യോഗയിലൂടെ മനസ്സിനേയും ശരീരത്തേയും നിയന്ത്രണവിധേയമാക്കി രോഗ പ്രതിരോധം സാധ്യമാക്കാൻ കഴിയും എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു.യോഗസാധനയുടെ പ്രാധാന്യം ലോകം മുഴുവനും അംഗീകരിച്ചതിൻ്റെ ഏറ്റവും വലിയ തെളിവാണ് ജൂൺ 2l – അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നു എന്നത് .ഈ ആചരണത്തിന് നേതൃത്വം നൽകുന്നത് ഇതിൻ്റെ ജൻമനാടായ നമ്മുടെ ഭാരതം തന്നെയാണ്.

‘യോഗ’ എന്നാൽ ചിത്തവൃത്തി നിരോധമാണ് എന്ന് പതഞ്ജലി മഹർഷി ‘യോഗസൂത്ര’ത്തിൽ പറയുന്നു. മനോവ്യാപാരങ്ങളാണ് ചിത്തവൃത്തി. ഇവയെ നിയന്ത്രിച്ച് ഏറ്റവും സുഖകരമായി ജീവിക്കുന്നതിനുള്ള സമഗ്രവും ശാസ്ത്രീയവുമായ വഴിയാണ് യോഗ.’യോഗ’ എന്ന പദത്തിൻ്റെയർത്ഥം കൂടിച്ചേരൽ എന്നാണ്. സാമാന്യമായ അർത്ഥത്തിൽ മനസ്സിൻ്റേയും ശരീരത്തിൻ്റേയും കൂടിച്ചേരലാണ് യോഗ.അങ്ങിനെയെങ്കിൽ പരമാത്മാവിൻ്റെയും ജീവാത്മാവിൻ്റെയും കൂടിച്ചേരലാണത്. കുറച്ച് കൂടി വിശാലമായി ചിന്തിച്ചാൽ ജീവൻ്റേയും പ്രപഞ്ചത്തിൻ്റെയും ഇഴുകിച്ചേരലാണ് യോഗ.

യോഗ പരിശീലിക്കുന്ന ഒരാൾക്ക് ജീവിതയാത്ര സുഗമമാവുന്നു. ജീവിതത്തിലെ സങ്കീർണ്ണതകളെ ലഘൂകരിച്ച് ഊർജ്ജസ്വലതയോടെ മുന്നോട്ട് നീങ്ങാൻ അത് ഒരാളെ പ്രാപ്തമാക്കുന്നു. ജീവിത നൈരന്തര്യങ്ങളിൽപ്പെട്ട് കാലിടറുന്നവർക്ക് കൈത്താങ്ങാവുന്നു. കലഹങ്ങൾ, കൊള്ളകൾ, കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ പലതരത്തിലുള്ള അസമത്വങ്ങൾ,അനീതികൾ, അസഹിഷ്ണുതകൾ ,സാമ്രാജ്യത്വ ചിന്തകൾ, മത്സരബുദ്ധികൾ എന്നിവ കൊണ്ടെല്ലാം ഇന്നത്തെ ലോകം മലീമസമായിക്കൊണ്ടിരിക്കുകയാണ്.

അതിനിടയിലാണ് ‘ കൂനിൻമേൽ കുരു’ എന്ന പോലെ മഹാമാരികൾ ലോകത്തെ കാർന്ന് തിന്നുന്നത്! ഇതിനിടയിൽ ഒരിറ്റ് ജീവന് വേണ്ടി കേഴുന്ന സഹജീവിയെ പരിഗണിക്കാൻ പോലും ആവാത്ത പരിതസ്ഥിതിയാണുള്ളത്.ഈ അവസരത്തിൽ യോഗ പോലുള്ള ജീവിതായോധന മാർഗ്ഗങ്ങൾ അവലംബിക്കുകയും അവയ്ക്ക് പ്രചാരം നൽകുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ജീവിതത്തിലുടനീള ശാന്തതയും സമാധാനവും കൈവരിക്കാനും നിരന്തര സാധനയിലൂടെ മനസ്സിനെ സ്വച്ഛമാക്കി ആത്മാന്വേഷണത്തിലൂടെ ജീവിത സാക്ഷാത്ക്കാരം നേടുകയുമാണ് യോഗയുടെ മഹത്തായ ലക്ഷ്യമെന്ന സത്യം എന്ന ലക്ഷ്യം ലോകത്തെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. ഏത് ചെറിയ കാര്യങ്ങളും കമ്പോളവത്ക്കരിക്കപ്പെടുന്ന ഇക്കാലത്ത് ഒരു പാട് വൈകിപ്പോയെങ്കിലും നമ്മുടെ മഹത്തായ ഈ ജീവിത രീതിയെക്കുറിച്ച് നമുക്ക് മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുകയെങ്കിലും ചെയ്യാം.

ലഭ്യമായ തെളിവുകൾ അനുസരിച്ച് യോഗയ്ക്ക് 5000 വർഷത്തെ പഴക്കമാണുള്ളത്. വൈദിക കാലഘട്ടത്തിന് ശേഷമാണ് പതഞ്ജലി മഹർഷിയുടെ ‘യോഗസൂത്രം ‘രചിയ്ക്കപ്പെടുന്നത്.ശ്രീശങ്കരാചാര്യർ, മാധ്വൻ തുടങ്ങിയവരുടെ കാലഘട്ടത്തിലും യോഗയ്ക്ക് അനല്പമായ സ്ഥാനം ലഭിച്ചു. മത്സ്യേന്ദ്രനാഥ്, ഗോരക്ഷാ നാഥ് എന്നിവർ പ്രചാരം നൽകിയ ‘തന്ത്ര യോഗ’ വികാസം പ്രാപിക്കുന്നതും ഇക്കാലത്താണ്.ശ്രീരാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ ,രമണ മഹർഷി ,ശ്രീ അരബിന്ദോ, ശിവാനന്ദയോഗി, സ്വാമി രാമ തുടങ്ങിയ ആചാര്യൻമാരാൽ ഒന്നുകൂടി പരിഷ്കരിക്കപ്പെട്ടതാണ് ആധുനിക യോഗ പദ്ധതികൾ. വിവേകാനന്ദൻ്റെ 1893-ലെ പ്രശസ്തമായ ചിക്കാഗോ പ്രസംഗത്തോടെ യോഗയ്ക്ക് പാശ്ചാത്യ രാജ്യങ്ങളിൽ വലിയ സ്വീകാര്യതയായി.

യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ അഷ്ടാംഗമാർഗ്ഗങ്ങളിലൂടെയാണ് യോഗസാധന പൂർത്തിയാക്കേണ്ടത് എന്ന് യോഗസൂത്രത്തിൽ പറയുന്നു. ഈ എട്ടു മാർഗ്ഗങ്ങളെ കൃത്യമായി അനുശീലിച്ചാൽ ഒരു സാധകന് ജീവിതത്തിൽ നേടാനാവാത്തതായി ഒന്നുമില്ല എന്ന് മനസ്സിലാക്കാവുന്നതാണ്.
കേവലം ആസനങ്ങൾ മാത്രം യോഗയായി തെറ്റിദ്ധരിച്ചിട്ടുള്ളവരുണ്ട്. എന്നാൽ മേൽ സൂചിപ്പിച്ച എട്ട് പടവുകളിലൂടെ ക്രമമായി കടന്ന് വന്നാൽ മാത്രമേ ആത്മസാക്ഷാത്ക്കാരം സാധ്യമാവൂ.അത് കൊണ്ട് തന്നെ ഇത് കേവല വ്യായാമത്തിൽ നിന്നു് തുലോം വ്യത്യസ്തമായിരിക്കുന്നു. യമ നിയമാദികളെ പാലിക്കാതെയുള്ള യോഗാഭ്യാസം വെറും കായികാഭ്യാസം മാത്രമായി ചുരുങ്ങും.
ഓരോ ശരീര ഭാഗങ്ങൾക്കും പ്രയോജനം നൽകുന്ന വിധത്തിലുള്ള യോഗാസന മുറകളുണ്ട്. ഉദാഹരണത്തിന് ശീർഷാസനം, പവന മുക്താസനം, സർവ്വാംഗാസനം, മസ്യാസനം എന്നിവ ശ്വസന വ്യവസ്ഥയ്ക്ക് വളരെ പ്രയോജനം ചെയ്യുന്നു.ലോകത്ത് ഇന്ന് പടർന്ന് കൊണ്ടിരിക്കുന്ന കോവിഡ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വസന വ്യവസ്ഥയെയാതിനാൽ അത് മാത്രം പ്രത്യേകംപരാമർശിച്ചു എന്നേയുള്ളൂ.

മനുഷ്യ ജീവിതത്തിൻ്റെ സമസ്തമേഖലയേയും ബാധിച്ചിട്ടുള്ള പലതരം പ്രതിസന്ധികളേയും മറികടക്കാൻ യോഗയ്ക്ക് കഴിയും. രോഗ പ്രതിരോധത്തിൻ്റെ ,അതിജീവനത്തിൻ്റെ ഏറ്റവും കരുത്തുറ്റ ആയുധമാണ് യോഗ.കോവിഡാനന്തര ലോകമാണെങ്കിലും കോവിഡിനൊപ്പമുള്ള ലോകമാണെങ്കിലും ഇനിയും ജീവിതം മുന്നോട്ട് കൊണ്ട് പോവണമെങ്കിൽ യോഗജീവിതം അനിവാര്യമാകും എന്നത് ഒരു വസ്തുത തന്നെയാണ്. ഭാരതീയ ഋഷിവര്യൻമാർ അനേക വർഷത്തെ സാധനയാൽ മനനം ചെയ്ത് ചിട്ടപ്പെടുത്തിയ ഈ മഹത് ദർശനത്തെ – ജീവിതചര്യയെ ഇനിയെങ്കിലും നാം വേണ്ടവിധത്തിൽ തിരിച്ചറിയട്ടെയെന്നും ഉൾക്കൊള്ളട്ടെയെന്നും പ്രത്യാശിക്കുന്നു.

Exit mobile version