Site icon Ente Koratty

ലോക പരിസ്ഥിതി ദിനം . ജൂണ്‍ 5. ചില ഓര്‍മ്മകള്‍…

ഡേവീസ് വല്ലൂരാന്‍, തിരുമുടിക്കുന്ന്

എല്ലാ വര്‍ഷവും ജൂണ്‍ 5 ആണ് ലോക  പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെകുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുവാനും അതിനായുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി  ദിനം  ആചരിക്കുന്നത്. 1972 മുതലാണ് എെക്യരാഷ്ട്രസഭ  ഈ  ദിനാചരണം ആരംഭിച്ചത്. ദിവസേന അന്തരീക്ഷത്തിലെത്തിചേരുന്ന കാര്‍ബണ്‍ഡെെഓക്സെെഡ് , മിഥേല്‍, നെെട്രജന്‍ ഓക്സെെഡ്, ക്ളോറോ ഫ്ളൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടികൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചക്ക് കാരണമാവുകയും തന്മൂലം ആഗോള താപനം ഉണ്ടാവുകയും ചെയ്യും.
മാലിന്യ നിര്‍മ്മാര്‍ജ്ജനം പരിസ്ഥിതി സംരക്ഷണത്തിന്‍റെ അത്യാവശ്യ ഘടകമാണ്. പുഴകളും ജലസ്രോതസ്സുകളും സംരക്ഷിക്കേണ്ടതാണ്. പരിസ്ഥിതി സംരക്ഷണത്തില്‍ ഊന്നിനിന്നുകൊണ്ടുള്ള ഒരു വികസന നയമാണ് നാടിന് ആവശ്യം.

മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ നശിക്കാതെ സൂക്ഷിക്കുക, അതുവഴി ആഗോള പരിസ്ഥിതി സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക, എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.

കവളപ്പാറയിലെ പ്രകൃതിദുരന്തം വേദനിക്കുന്ന ഓര്‍മ്മയായി ഇന്നും മനസ്സില്‍ നില്‍ക്കുന്നു.

ഒരു മഹാപ്രളയത്തിന്‍റെ ഓര്‍മ്മകള്‍ മായുംമുന്‍പേ  മറ്റൊരു ദുരിതപ്പെയ്ത്തും പ്രകൃതിദുരന്തവും ആഞ്ഞടിച്ചപ്പോള്‍ തങ്ങളാലാവുന്ന സഹായങ്ങളുമായി, കാരുണ്യത്തിന്‍റെ കരസ്പര്‍ശവുമായി, തിരുമുടിക്കുന്നുകാര്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരുള്ള കവളപ്പാറ, ഭൂദാനം പ്രദേശത്തെത്തി. തിരുമുടിക്കുന്ന് ചെറുപുഷ്പം ഇടവകയിലെ അന്നത്തെ വികാരി ഫാ. പോള്‍ ചുള്ളിയുടെ നിര്‍ദ്ദേശമനുസരിച്ച് പള്ളിയിലെ ഒരു ഞായറാഴ്ചയിലെ കാഴ്ചസമര്‍പ്പണ തുകയും ഇടവകക്കാരില്‍നിന്ന് കുടുംബയൂണിറ്റ് കേന്ദ്രസമിതിയുടെ നേതൃത്വത്തില്‍ സംഭരിച്ച തുകയുംകൂട്ടി രണ്ടു ലക്ഷത്തിലധികം രൂപക്ക് ഗ്രഹോപകരണങ്ങള്‍ വാങ്ങി കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും മറ്റുപ്രളയബാധിതര്‍ക്കും നേരിട്ടെത്തിക്കുകയാണ് ഇടവകക്കാര്‍ ചെയ്തത്. അപരന്റെ ദുഃഖം തന്റേയും ദുഃഖമായികണ്ട് അവശതയനുഭവിക്കുന്നവരെ സഹായിക്കാന്‍ ആത്മാര്‍ത്ഥമായി സഹകരിച്ച എല്ലാവരേയും അദ്ദേഹം അഭിനന്ദിച്ചു.

നിലമ്പൂരിനടുത്തുള്ള പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ കവളപ്പാറ മുത്തപ്പന്‍കുന്നിന്‍റെ അടിവാരത്തേക്ക് ഒഴുകിയടിഞ്ഞ മണ്ണിനോടും പാറക്കല്ലുകളോടുമൊപ്പം 2019 ഓഗസ്റ്റ് 8ന് ഒലിച്ചുപോയത് വളര്‍ത്തുമൃഗങ്ങളോടൊപ്പം മനുഷ്യ ജീവിതങ്ങള്‍ കൂടിയായിരുന്നു. ഓഗസ്റ്റ് 8 വൈകുന്നേരം 7- 30 വരെ സാധാരണ ലോകത്ത് തന്നെയായിരുന്നു കവളപ്പാറക്കാരും. ശക്തമായ പേമാരിമൂലം ആ പ്രദേശത്ത് രണ്ടു ദിവസം മുന്‍പ്തന്നെ വൈദ്യുതിബന്ധം നിലച്ചിരുന്നു. സന്ധ്യക്ക് ഏഴരയോടെ കനത്ത് വര്‍ഷിക്കുന്ന പേമാരിയിലും കാറ്റിലും ആ മഹാ ദുരന്തത്തില്‍ അകപ്പെടുകയായിരുന്നു കവളപ്പാറ കോളനി നിവാസികള്‍. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട്, തങ്ങള്‍ക്കുള്ള എല്ലാം നഷ്ടപ്പെട്ട്, നിരാലംബരായി അവശേഷിച്ച പാവപ്പെട്ട ജനങ്ങളുടെ രോദനങ്ങള്‍ ഏതൊരു കഠിന ഹൃദയന്‍റേയും കരളലിയിപ്പിക്കും. ഓഗസ്റ്റ് 22ന് ഫാ. പോള്‍ ചുള്ളിയുടെ നേതൃത്വത്തില്‍ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത് ഇന്നും വേദനിക്കുന്ന ഓര്‍മ്മയായി മനസ്സില്‍ അവശേഷിക്കുന്നു.

ഒന്നിനു പുറകെ ഒന്നായിവരുന്ന ഈ പ്രകൃതി ദുരന്തങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആവശ്യകതയാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

Exit mobile version