ഡേവീസ് വല്ലൂരാന്, തിരുമുടിക്കുന്ന്
കൊരട്ടി: കോവിഡിലും തളരാതെ ലോക നന്മക്കുവേണ്ടിയും ദൈവസ്തുതിക്കായും ഗാനമൊരുക്കി സി.എം.ഐ വൈദികന്.
`ഭീതിയിൽ കഴിയുന്ന ലോകത്തിന് ആശ്വാസം
ഏകുവാൻ നാഥാ നീ വരണേ
പ്രത്യാശ ഏകുവാൻ, സാന്ത്വനം ഏകുവാൻ അരികിൽ നീ വരണേ എൻ യേശുവേ…’
ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള 26 ഭാഷകളില്‍ വിവിധ രാജ്യങ്ങളിലിരുന്ന് വിവിധ ആളുകള്‍ പാടിയ ഗാനം ഫാ. ഷിജു(പ്രേം) ചൂരക്കല്‍ സി.എം.ഐ സംവിധാനം ചെയ്തത് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിത്തീരുന്നു. ഇതില്‍ മലയാള ഭാഷയില്‍ അദ്ദേഹം പാടിയിട്ടുമുണ്ട്. സംഗീതവും എഡിറ്റിംഗും അദ്ദേഹമാണ് നിര്‍വ്വഹിച്ചത്.
തിരുമുടിക്കുന്ന് ചൂരക്കല്‍ അഗസ്റ്റിന്- ലീലാമ്മ ദമ്പതികളുടെ മകനാണ് ഫാ. ഷിജു( പ്രേം)ചൂരക്കല്‍ സി.എം.ഐ.
പോളിഗ്ലോട്ട് ക്വയർ( വിവിധ ഭാഷകളിലുള്ള ഗാനം) – കൊറോണാ വൈറസിന്റേ വ്യാപനത്തിൽ പകച്ചുനിൽക്കുന്ന, ഭീതിയിൽ കഴിയുന്ന ലോകത്തിന് ആശ്വാസം നൽകുവാൻ, സാന്ത്വനമേകുവാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്ന പ്രാർത്ഥനാ ഗാനമാണ്.
നാല് ഭൂഖണ്ഡങ്ങളിലെ 26 ഭാഷകളിൽ ആണ് പോളിഗ്ലോട്ട് ക്വയർ ഒരുക്കിയിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി, മറാത്തി, ബംഗാളി, ഗുജറാത്തി, ഉറാവ് എന്ന ആദിവാസി ഭാഷയും ഉള്‍പ്പെടെ 9 ഇന്‍ഡ്യന്‍ ഭാഷകളും അറബി, ടാഗാലോഗ്,ഫിലിപ്പനീസ് എന്നീ ഏഷ്യൻ ഭാഷകളും, ജർമ്മൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, എന്നി യൂറോപ്പിയൻ ഭാഷകളും, മെക്സിക്കൻ, ഇംഗ്ലീഷ്, അംഗോലോ പോർച്ചുഗീസ്, കേജുന് എന്നീ അമേരിക്കൻ ഭാഷകളും ആഫ്രിക്കൻ ഭാഷകളായ കെനിയൻ സ്വാഹിലി, സുലു, ആഫ്രിക്കൻസ്, ചിച്ചാവ, ഒഴിവമ്പോ, ടാൻസാനിയ സ്വാഹിലി, രുക്വാങ്ഗലി, എന്നിങ്ങനെ വിവിധ ഭാഷകളിൽ വിവിധ രാജ്യങ്ങളിലിരുന്ന് പാടി ഒരുമിച്ച് ഒരു ഗാനമായി ഒരുക്കിയിരിക്കുന്നതാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.
ഫാ. ഷിജു (പ്രേം) ചൂരക്കൽ സിഎംഐ സഭയുടെ മാർ തോമാ, ചന്ദാ ( മഹാരാഷ്ട്ര) പ്രൊവിൻസ് അംഗമാണ്. ഇപ്പോള്‍ അമേരിക്കയിൽ, ടെക്സസ് സ്റ്റേറ്റ്, ഹ്യൂസ്റ്റൺ അടുത്ത് ബ്യൂമൊണ്ട് രൂപതയിൽ സെന്റ്. എലിസബത്ത് , പോർട്ട് നെച്ചെസ് ഇടവകയിൽ അസോസിയേറ്റ് പാസ്റ്റർ (സഹ വികാരിയായി) സേവനം ചെയ്യുന്നു.