Site icon Ente Koratty

എന്നാലും എന്‍റെ കൊരട്ടി..

ഷിന്റോ മാത്യു ചെരപ്പറമ്പൻ‎

എന്നാലും എന്‍റെ കൊരട്ടി, നമ്മൾ ത്രിശൂർ ടൗണിലൊക്കെ പോയി കൊരട്ടി എന്നൊക്കെ പറഞ്ഞാൽ അപ്പൊ ചോദിക്കും ഓ അങ്കമാലി – കൊരട്ടി അല്ലേ…?
അതായത് കൊരട്ടിയെ എറണാകുളം ജില്ലയായി ആണ് പലരും കാണുന്നത്.

ലിജോ പെല്ലിശ്ശേരിയുടെ മുൻ പടങ്ങളിൽ എല്ലാം ചാലക്കുടിയെ പറ്റി എന്തെങ്കിലുമൊക്കെ പറയാതിരുന്നിട്ടില്ല. അതുപോലെ അങ്കമാലി ഡയറിയിൽ മൊത്തം അങ്കമാലിയും.

https://www.youtube.com/watch?v=j7A8n0Kyv1c

ചാലക്കുടിക്കും അങ്കമാലിക്കും ഇടയിൽ ഉള്ള ഒരു ഗ്രാമം ആണ് കൊരട്ടി. വാളൂരിലെ പുഴയും, നാലുകെട്ടിലെ റബ്ബർ കാടും, തിരുമുടിക്കുന്നും, കോനൂരും, മുരിങ്ങൂരും, മാമ്പ്രയും, കുലയിടവും പിന്നെ വെസ്റ്റ് കൊരട്ടിയും കാതിക്കുടവും എല്ലാം കൂടിയ നല്ലൊരു സമാധാന അന്തരീക്ഷമുള്ള സ്ഥലം.

അങ്കമാലിക്കാരെയും ചാലക്കുടിക്കാരെയും ഒരു പോലെ സ്നേഹിക്കുന്ന കൊരട്ടി. സെന്‍റ് ജെയിംസിലും എൽ എഫിലും മാറി മാറി പോകുന്ന കൊരട്ടിക്കാർ. സ്വന്തമായുള്ള ദേവമാതാ ആശുപത്രിയാണ് കൊരട്ടിക്കാരുടെ ആദ്യ ആശ്രയം.

എറണാകുളം-തൃശൂർ അതിർത്തി ഗ്രാമം ആയത് കൊണ്ട് രണ്ടു ജില്ലകളുടെയും സംസ്കാരം, ഭക്ഷണ രീതികൾ, ആഘോഷങ്ങൾ, ഭാഷ എന്നിവയുടെ സൗരഭ്യം ഉണ്ട് കൊരട്ടിക്ക്. അങ്കമാലി ഡയറീസിൽ കാണിക്കുന്ന എന്താണ് കൊരട്ടിയിൽ ഇല്ലാത്തത് ? പോർക്കോ, മാങ്ങാ കറിയോ, പെരുന്നാളോ ഏതെങ്കിലും ഒന്ന് കൊരട്ടിക്കാർക്ക് ഇല്ല എന്ന് പറയാമോ…

അങ്കമാലി അടക്കം പല സ്ഥലങ്ങളിലേക്കും പോർക്ക് കൊണ്ട് പോകുന്നത് കോനൂരിലെ പാലിശ്ശേരിയിൽ നിന്നാണ്
കൊരട്ടി പെരുന്നാളിനേക്കാൾ പേര് കേട്ടതാണോ ചാലക്കുടി, അങ്കമാലി പെരുന്നാളുകൾ. കൊരട്ടി പെരുന്നാളിന്‍റെ ഒരു ദിവസം വരുന്ന ആളുകൾ ഉണ്ടോ ഈ രണ്ടു പള്ളികളിലെയും പെരുന്നാളിന്. ജാതി-മത ഭേദമന്യേ എല്ലാവരും പങ്കെടുക്കുന്ന കൊരട്ടി പെരുന്നാള്‍ ഞങ്ങള്‍ കൊരട്ടിക്കാരുടെ സഹോദര്യത്തിന് ഏറ്റവും വലിയ തെളിവാണ്.

വേലുപ്പിളളി, അന്നമനട, അയ്യങ്കോവ് പോലുള്ള പ്രശസ്തമായ പൂരങ്ങളും ഞങ്ങള്‍ക്ക് സ്വന്തം.
കൊരട്ടിയിലെ മാങ്ങാക്കറി ഇല്ലാത്ത ഒരു കല്യാണ വീട് കാണിക്കാമോ, തലേ ദിവസത്തെ ഭക്ഷണത്തിന് പോലും മാങ്ങാക്കറി നിർബന്ധമാണ് അതും നല്ല ഒന്നാന്തരം തേങ്ങാപാൽ പിഴിഞ്ഞ മാങ്ങാക്കറി. രണ്ട്‌ സംസ്കാരത്തിന് വേറെയും ഉണ്ട് കാരണങ്ങൾ കൊരട്ടി തൃശൂർ ജില്ലയിൽ ആണെങ്കിലും രൂപത എറണാകുളം ആണ് (മംഗലശ്ശേരി മുതൽ ഡിവൈൻ വരെ). മാമ്പ്ര പ്രദേശങ്ങളിൽ ഒരു പ്രത്യേകത ഉണ്ട് വീട് തൃശൂരും തൊഴുത്ത് എറണാകുളം ജില്ലയിലും ആണ്. തൊട്ട് അപ്പുറത്തെ വീട്ടിൽ ഫോൺ വിളിക്കണമെങ്കിൽ എറണാകുളം കോഡ് ആയ 0484 അടിക്കണം. അങ്ങനെ ഒരുപാട് വെറൈറ്റികൾ നിറഞ്ഞ നാടാണ് ഞങ്ങടെ കൊരട്ടി.

പാറമടകളും, നെൽപ്പാടങ്ങളും, പുഴയും, മധുര കോട്‌സും, ഇൻഫോ പാർക്കും, കിന്‍ഫ്രയും, ഗവർമെന്റ് പ്രസ്സും, റബ്ബർ കാടുകളും, ഓസിൻ പ്ലാന്‍റും അടക്കം നിരവധി സംഭവങ്ങൾ നിറഞ്ഞ കൊരട്ടി.
ചാലക്കുടിയിൽ നിന്ന് ഒരുപാടു ദൂരെ ഉള്ളവർ പോലും പേരിന്‍റെ കൂടെ ചാലക്കുടി എന്ന് ചേർത്ത് നടക്കുമ്പോഴും ചാലക്കുടിയോട് ചേർന്ന് കിടക്കുന്ന സ്ഥലമായിട്ടും ഇവിടുത്തെ കലാകാരന്മാർ പേരിന്‍റെ കൂടെ കൊരട്ടി മാത്രമേ ചേർത്ത് വെയ്‌ക്കാറുള്ളു (സജി കൊരട്ടി, ജോ കൊരട്ടി , ജേക്കബ് കൊരട്ടി, ജോബി കൊരട്ടി അടക്കം പൂമരത്തിന്റെ സ്വന്തം പാട്ടുകാരൻ ഫൈസൽ റാസി വരെ നീണ്ടു പോകുന്നു ആ ലിസ്റ്റ്). സിനിമ സീരിയൽ രംഗത്തെ കൊരട്ടിയുടെ സംഭാവന ചെറുതൊന്നും അല്ല. വാദ്യകലാകാരന്മാരായ കൂഴൂരാശാനും, അന്നമനട ത്രയങ്ങളുമൊക്കെ കൊരട്ടിയുടെ സ്വകാര്യ അഹങ്കാരം തന്നെ.

രാഷ്ട്രീയ രംഗത്തേക്കുള്ള കൊരട്ടിയുടെ ഏറ്റവും വലിയ സംഭാവനയാണ് പനമ്പിള്ളി ഗോവിന്ദ മേനോന്‍.
പിന്നെ ഒരു പ്രത്യേകത കൊരട്ടിയിൽ നിന്ന് ഏകദേശം തിരുവനനന്തപുരം 300 KM, കാസർകോട് 300 KM, കടൽ 30 KM, മല 30 KM, തൃശ്ശൂർ 30 KM, എറണാകുളം 30 KM. അങ്ങനെ കേരളത്തിന്റെ ഏകദേശം മധ്യബിന്ദു ആണ് കൊരട്ടി. ദേശീയ പാതയുടെയും റെയില്‍വേ സ്റ്റേഷന്‍റെയും സാന്നിധ്യം കൊരട്ടിയുടെ വികസനം വേഗത്തിലാക്കുന്നു. എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു കൊച്ചു ഗ്രാമം. ആ പ്രദേശത്ത് ജനിക്കാൻ കഴിഞ്ഞതില്‍ ഞങ്ങൾ കൊരട്ടിക്കാർ വളരെയധികം അഭിമാനിക്കുന്നു…

Exit mobile version